കല്പറ്റ : ഇന്ത്യയുടെ ആത്മാവിനെ ബിജെപി തകര്‍ക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ഇതുപോലൊരു കെട്ടകാലം രാജ്യം ഇതുവരെ കണ്ടിട്ടില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയസാധ്യത ഇല്ലാതാക്കലാണു കോണ്‍ഗ്രസ് ലക്ഷ്യം. യുഡിഎഫ് വയനാട് പാര്‍ലമെന്ററി കമ്മിറ്റി കല്പറ്റയില് സംഘടിപ്പിച്ച നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ മതേതര പാരമ്പര്യത്തെയും മഹിതമായ സംസ്കാരത്തെയും ഇല്ലാതാക്കുകയാണു മോദി ഭരണകൂടം. ജനാധിപത്യത്തിന്റെ തൂണുകളെല്ലാം തകര്‍ത്ത്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പോലുള്ള ഏജന്‍സികളെ ബിജെപിക്കുവേണ്ടി പണിയെടുക്കുന്ന സംവിധാനങ്ങളാക്കി. ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഭരണഘടന മാറ്റിയെഴുതാനുള്ള ഭൂരിപക്ഷം സ്വപ്നം കണ്ട് നടക്കുകയാണ് ബിജെപി നേതാക്കൾ.
രാഹുല്‍ ഗാന്ധിയുടെ ഹൃദയത്തിലാണു വയനാടിന്റെ സ്ഥാനം. രാഹുലിനായി കാത്തിരിക്കുന്ന വയനാട്, ഇത്തവണ ഭൂരിപക്ഷം വര്‍ധിപ്പിച്ചു നല്‍കുമെന്ന് ഉറപ്പാണ്. സംസ്ഥാന സര്‍ക്കാരിനെ ജനങ്ങള്‍ക്കു മടുത്തു. അത്രമാത്രം ജനദ്രോഹങ്ങളാണ് കഴിഞ്ഞ 7 വര്‍ഷമായി ഇടതുപക്ഷ സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. കമ്യൂണിസ്റ്റ് വിശ്വാസികള്‍ക്കിടയില്‍ പോലും പിണറായി വിജയൻ തോറ്റുവെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം അധ്യക്ഷത വഹിച്ചു.