ദുബായ് : സിപിഎമ്മിനു വോട്ടു ചെയ്യുമ്പോൾ മുസ്‌ലിം സംഘടനകൾ മതേതരവും അല്ലാത്തപ്പോൾ വർഗീയവുമാകുന്ന നിലപാടാണ് മുഖ്യമന്ത്രിക്കെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
പാർട്ടിയെ ഈ അവസ്ഥയിൽ എത്തിച്ചത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയെയും പിഡിപിയെയും അവസരം പോലെ കൂടെകൂട്ടിയവരാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ കോൺഗ്രസിന്റെ ഭൂരിപക്ഷം കൂടുമെന്നും പാലക്കാട്ട് മുഖ്യഎതിരാളി ബിജെപിയാണെന്നും വേണുഗോപാൽ പറഞ്ഞു.
വേറെ ആളെ കിട്ടാത്തത്തിനാലാണ് സരിനെ സ്ഥാനാർഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ ദേശവിരുദ്ധമാക്കി ചർച്ച തുടങ്ങിവച്ചത് മുഖ്യമന്ത്രിയാണെന്നു പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ പറഞ്ഞു. മലപ്പുറം ചർച്ചയാക്കിയത് ലീഗല്ല. ലീഗിനെ പറ്റി മുഖ്യമന്ത്രി നല്ലത് പറഞ്ഞതിൽ സന്തോഷമെന്നും അദ്ദേഹം പരിഹസിച്ചു. സിഎച്ച് രാഷ്ട്രസേവാ പുരസ്കാര വിതരണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതാണ് ഇരുവരും.