രാഹുല്‍ ഗാന്ധി എം പി സ്ഥാനത്തിന് അയോഗ്യനെന്ന തീരുമാനത്തിലേക്ക് നയിച്ച സൂറത്ത് കോടതി വിധിയ്ക്ക് പിന്നിലുള്ള ദുരൂഹത കോണ്‍ഗ്രസ് തുറന്നുകാട്ടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഒരു ഘട്ടത്തില്‍ പരാതിക്കാരന്‍ തന്നെ ആവശ്യപ്പെട്ടത് പ്രകാരം കേസ് സ്റ്റേ ചെയ്തിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരാതിക്കാരന്റെ തുടര്‍നടപടി രാഹുല്‍ ഗാന്ധിയുടെ അദാനിക്കെതിരായ പ്രസംഗത്തിന് പിന്നാലെയാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഇതിന് പിന്നിലെ ദുരൂഹത തുറന്നുകാട്ടുമെന്നാണ് കെ സി വേണുഗോപാല്‍ പറയുന്നത്.
സര്‍ക്കാരിന്റെ തെറ്റായ രീതിക്കെതിരെ ആര് ശബ്ദിച്ചാലും അവരെ വേട്ടയാടുക എന്ന രീതിയാണ് ബിജെപിയുടേതെന്ന് കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. മുഴുവന്‍ ആളുകളെയും ഒന്നിച്ചുനിര്‍ത്തി ഇതിനെതിരെ പോരാടും. വിയോജിപ്പുകള്‍ മാറ്റി നിര്‍ത്തി ഒപ്പം നിന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. രാഹുല്‍ ഗാന്ധിയെ വയനാട്ടിന്റെ മണ്ണില്‍ നിന്ന് പറച്ചു നീക്കാനുള്ള നീക്കത്തെ നേരിടും. വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നും അപ്പീല്‍ പോകുമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിയെ അയോഗ്യനായ നടപടിക്കെതിരെ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം നടത്താനിരിക്കുകയാണ്. ജില്ലാ അടിസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാക്കും. തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിനാണ് എഐസിസി ആഹ്വാനം ചെയ്തിരിക്കുന്നത്.രാഹുല്‍ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണും . ഉച്ചയ്ക്ക് ഒരു മണിക്ക് എഐസിസി ആസ്ഥാനത്താണ് വാര്‍ത്താസമ്മേളനം.എംപി സ്ഥാനത്തുനിന്ന് അയോഗ്യനായ ശേഷമുള്ള ആദ്യ വാര്‍ത്ത സമ്മേളനമാണിത്.സൂറത്ത് കോടതി വിധിക്കെതിരെ മേല്‍ കോടതിയെ കോണ്‍ഗ്രസ് ഉടന്‍ സമീപിക്കും.സൂറത്ത് കോടതിയുടെ ശിക്ഷവിധി മേല്‍കോടതി സ്റ്റേ ചെയ്താല്‍ മാത്രമേ രാഹുലിന് അയോഗ്യത നീങ്ങൂ.