Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസംവിധായകൻ കെ.ജി. ജോർജ് അന്തരിച്ചു

സംവിധായകൻ കെ.ജി. ജോർജ് അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാ‌ഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. എഴുപതുകളിലും എൺപതുകളിലും വിപ്ലവകരമായ ചലച്ചിത്ര സൃഷ്ടികളിലൂടെ മലയാളിയുടെ മനസ്സിലേക്കു നടന്നു കയറിയ സംവിധായകനാണു കെ.ജി.ജോർജ്. സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനു തന്നെ ദേശീയ പുരസ്കാരം തേടിയെത്തി. യവനിക, പഞ്ചവടിപ്പാലം, ഇരകൾ, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയിൽ അദ്ദേഹം ചുവടുറപ്പിച്ചത്.

ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സൽമയാണ് ഭാര്യ. 1977 ഫെബ്രവരി ഏഴിനായിരുന്നു വിവാഹം. ശരദിന്ദു മലർദീപ നാളം നീട്ടി (ഉൾക്കടൽ )എന്ന ഹിറ്റ് ഗാനം ആലപിച്ചത് സൽമയാണ്. നടൻ മോഹൻ ജോസ് ഭാര്യാ സഹോദരനാണ്. അരുൺ, താര എന്നീ രണ്ടു മക്കൾ.

സാമുവൽ – അന്നാമ്മ ദമ്പതികളുടെ മൂത്ത മകനായി 1945 മെയ് മേയ് 24ന്.തിരുവല്ലയിലായിരുന്നു കെ.ജി.ജോർജിന്റെ ജനനം. കുളക്കാട്ടിൽ ഗീവർഗീസ് ജോർജ് എന്നാണ് മുഴുവൻ പേര്. തിരുവല്ല എസ്ഡി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചങ്ങനാശേരി എൻഎസ്എസ് കോളജിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ ശേഷം പുണെ ഫിലിം ഇൻസ്റ്റിട്ട്യൂട്ടിൽ നിന്നും സിനിമാ സംവിധാനം കോഴ്സ് പൂർത്തിയാക്കി. പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടിന്റെ സഹായിയായിട്ടാണ് സിനിമാരംഗത്തേയ്ക്കു ചുവടുവച്ചത്.

ആദ്യ ചിത്രമായ ‘സ്വപ്നാടനം’ 1976ൽ ആണ് പുറത്തിറങ്ങിയത്. മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ‘സ്വപ്നാടനം’ നേടി. മികച്ച തിരക്കഥയ്ക്ക് പമ്മൻ, കെ.ജി. ജോർജ് എന്നിവർക്കും പുരസ്കാരം ലഭിച്ചു. ഉൾക്കടൽ, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ, മറ്റൊരാൾ തുടങ്ങിയവയാണ് ജോർജിന്റെ മറ്റു പ്രധാന ചിത്രങ്ങൾ. ഇവയിൽ മിക്കവയും ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടി. 1998ൽ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് അവസാന ചിത്രം.

ടി.കെ. രാജീവ്കുമാർ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിർമ്മിച്ചത് കെ.ജി.ജോർജാണ്. 2003ൽ സംസ്‌ഥാന ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷനായിരുന്നു. 200ൽ ദേശീയ ഫിലിം അവാർഡ് ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2016ൽ ജെ.സി. ഡാനിയേൽ പുരസ്കരത്തിന് അർഹനായി. 2006ൽ ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഎഫ്ഡിസി) അധ്യക്ഷനായി. അഞ്ചു വർഷം പ്രവർത്തിച്ചു. മാക്ട ചെയർമാനായും പ്രവർത്തിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments