തിരുവനന്തപുരം: സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതിയെ അറ്റന്‍ഡര്‍ പീഡിപ്പിച്ച സംഭവം അടിയന്തര പ്രമേയമായി സഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കെ കെ രമ എംഎല്‍എ ആയിരിക്കും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുക.
സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ചെങ്കോട്ടുകോണത്ത് യുവതിയ്ക്ക് നേരെ നടന്ന അതിക്രമവും സഭയില്‍ അടിന്തരപ്രമേയമായി ഉന്നയിക്കാന്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷം ആലോചിച്ചിരുന്നു.
ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ വച്ച് യുവതിയെ ആശുപത്രിയിലെ അറ്റന്‍ഡര്‍ പീഡിപ്പിച്ച സംഭവം സ്ത്രീകളില്‍ ഉളവാക്കിയിട്ടുള്ള കടുത്ത ആശങ്ക സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടാനിരിക്കുന്നത്. സ്ത്രീസുരക്ഷയില്‍ വീഴ്ചയുണ്ടായതില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നാണ് കെ കെ രമ എംഎല്‍എ അടിയന്തര പ്രമേയ നോട്ടീസിലൂടെ ആവശ്യപ്പെടാനിരിക്കുന്നത്. തുടര്‍ച്ചയായി ഇത് ആറാം തവണയാണ് മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയങ്ങളില്‍ പ്രതിപക്ഷം നോട്ടീസ് നല്‍കുന്നത്.