കോഴിക്കോട് : വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സംഭവത്തിൽ മുസ്‍ലിം ലീഗ് പ്രവർത്തകന് എതിരെ കേസെടുത്തു. ന്യൂമാഹി പഞ്ചായത്തിലെ ഭാരവാഹി അസ്‍ലമിനെതിരെയാണ് കേസെടുത്തത്. മങ്ങാട് സ്നേഹതീരം എന്ന വാട്‍സാപ് ഗ്രൂപ്പിൽ അസ്‍ലം വ്യാജപ്രചാരണം നടത്തിയെന്നാണ് പരാതി. ഗ്രൂപ്പിലെ ശബ്ദസന്ദേശം അസ്‍ലമിന്റേതാണെന്ന് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ തനിക്ക് എതിരെ വ്യാജപ്രചാരണം നടത്തുന്നു എന്നാരോപിച്ച് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ കെ.കെ.ശൈലജ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി, ഡിജിപി, ജില്ലാ കലക്ടർ എന്നിവർക്കാണ് ശൈലജ ഇന്നലെ പരാതി നൽകിയത്. ഷാഫിയുടെ അറിവോടെയാണ് സൈബർ ആക്രമണമെന്നാണ് പരാതിയിൽ പറയുന്നത്.