പാലക്കാട്: ജെഡിഎസ് കേരളാ ഘടകം എൽഡിഎഫിൽ തുടരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. പാർട്ടി ദേശീയ നേതൃത്വം എൻഡിഎയിൽ ചേരാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് കേരളാ ഘടകം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ദേശീയ തലത്തിൽ പാർട്ടി സഖ്യമുണ്ടാക്കിയാലും കേരളത്തിൽ അത് ബാധിക്കില്ലെന്ന് കൃഷ്ണൻകുട്ടി പറഞ്ഞു.
അതേസമയം നാളെ നടക്കാനിരിക്കുന്ന എൻഡിഎ യോഗത്തിലേക്ക് ക്ഷണം കാത്തിരിക്കുകയാണ് കർണാടകത്തിൽ ജെഡിഎസ്. എൻഡിഎ സഖ്യയോഗത്തിലേക്ക് ക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുമാരസ്വാമിയും പിതാവ് മുൻ പ്രധാനമന്ത്രി ദേവഗൗഡയും. യോഗത്തിലേക്ക് ക്ഷണം ലഭിച്ചാൽ പങ്കെടുക്കുന്ന കാര്യം ആലോചിക്കുമെന്ന് ദേവഗൗഡ വ്യക്തമാക്കി.
എന്നാൽ ബെംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടി യോഗത്തിൽ പങ്കെടുക്കുന്ന പ്രശ്നമില്ലെന്നും ദേവഗൗഡ വ്യക്തമാക്കി. ബിജെപി കർണാടകയിൽ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാൻ വൈകുന്നത് കുമാരസ്വാമിയുമായുള്ള സഖ്യ സാധ്യത കൂടി കണക്കിലെടുത്താണെന്നാണ് വിവരം. പ്രതിപക്ഷ നേതൃസ്ഥാനം തേടി കുമാരസ്വാമിയും എൻഡിഎയെ സമീപിച്ചിട്ടുണ്ട്. എൻഡിഎ സഖ്യത്തിൽ ജെഡിഎസ് ചേരുകയാണെങ്കിൽ കുമാരസ്വാമി പ്രതിപക്ഷ നേതൃ പദവി ചോദിക്കും.