തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ ബാർ കോഴക്കേസിൽ കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി അന്തരിച്ച മുൻ ധനമന്ത്രി കെ.എം മാണിയുടെ ആത്മകഥ. രമേശ് ചെന്നിത്തലയ്ക്കെതിരെയും കെ. ബാബുവിനെതിരെയുമുൾപ്പെടെ ഗുരുതര ആരോപണമുന്നയിക്കുന്ന ആത്മകഥ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് പ്രകാശനം ചെയ്യും.
രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച ബാർ കോഴക്കേസ് വീണ്ടും സജീവ ചർച്ചയിലേക്ക് കൊണ്ടുവരുന്നതാണ് കേരള കോൺഗ്രസ് എം നേതാവും മുൻ ധനമന്ത്രിയുമായ കെ.എം മാണിയുടെ ആത്മകഥ. ബാർ കോഴക്കേസിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണം വരാനുള്ള കാരണം രമേശ് ചെന്നിത്തല ആണെന്നാണ് ആത്മകഥയിൽ കെ.എം മാണി ആരോപിക്കുന്നത്. അതിന് ആധാരമായി കെ.എം മാണി പറയുന്നത് ഇപ്രകാരം- രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കോൺഗ്രസ് നേതാവ് തന്നെ സമീപിച്ചു. താൻ അതിനു വില കൽപ്പിച്ചില്ല.
ഈ ആവശ്യത്തിൽ അനുകൂല നിലപാട് എടുക്കാത്തത് കൊണ്ടാണ് തനിക്കെതിരെ രമേശ് ചെന്നിത്തല വിജിലൻസിന്റെ ത്വരിതാന്വേഷണം പ്രഖ്യാപിച്ചതെന്ന് കെ.എം മാണി ആത്മകഥയിൽ പറയുന്നു. തനിക്കെതിരായ ഒരു വടിയായി ബാർ കോഴ ആരോപണത്തെ രമേശ് ചെന്നിത്തല കണ്ടു. ‘ഇത്തിരി വെള്ളം കുടിക്കട്ടെ, ഒരു പാഠം പഠിക്കട്ടെ’ എന്ന് രമേശ് മനസിൽ കണ്ടിരിക്കാം എന്നാണ് കെ.എം മാണി ആത്മകഥയിൽ പറയുന്നത്. കിട്ടിയ അവസരം രമേശ് ചെന്നിത്തല ഉപയോഗിച്ചു എന്ന കടുത്ത വിമർശനവും മാണി ഉന്നയിക്കുന്നുണ്ട്.