തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരം സംബന്ധിച്ച ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖറിന്‍റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഐ.എൻ.ടി.യു.സിയെ പിണറായി വിലാസം സംഘടനയായി മാറരുതെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.
ഐ.എൻ.ടി.യു.സി സ്വതന്ത്ര തൊഴിലാളി സംഘടനയാണ്. അവർക്ക് അവരുടേതായ നിലപാട് എടുക്കാം. എന്നാൽ, കെ. കരുണാകരൻ രൂപീകരിച്ച ഐ.എൻ.ടി.യു.സിയെ പിണറായി വിലാസം സംഘടനയായി മാറരുതെന്നും മുരളീധരൻ പറഞ്ഞു.
ആശവർക്കർമാരുടെ സമരം കോൺഗ്രസ് ഏറ്റെടുത്തതാണ്. അതിനെ തള്ളിപ്പറയുന്നത് ശരിയല്ല. കോൺഗ്രസിന്‍റെ നിലപാട് സ്വീകരിക്കുന്നത് കെ.പി.സി.സി പ്രസിഡന്‍റ് ആണ്. അതിന് മേലെ പ്രസിഡന്‍റ് എ.ഐ.സി.സിക്കേ ഉള്ളൂ. അല്ലാതെ വേറെ പ്രസിഡന്‍റുമാർ കേരളത്തിൽ ഇല്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി. ആശവർക്കർമാരുടെ സമരവേദി സെൽഫി പോയിന്‍റാണെന്ന ഐ.എൻ.ടി.യു.സി പരിഹാസത്തിനും മുരളീധരൻ മറുപടി നൽകി. കേരളത്തിൽ പ്രത്യേകിച്ച സെൽഫി പോയിന്‍റില്ലെന്ന് കെ. മുരളീധരൻ കൂട്ടിച്ചേർത്തു.