കോഴിക്കോട്: കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ പിണറായി വിജയന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ശേഷം പിന്നോട്ടുപോയെ പദ്ധതികളുടെയും പരിപാടികളുടേയും പട്ടികയുമായി കോണ്‍ഗ്രസ്. കെ- റെയിലും സ്പ്രിങ്കളറുമടക്കം 14 ഓളം പദ്ധതികളുടെ പട്ടിക പങ്കുവെച്ച് പരിഹാസവുമായി കെ. മുരളീധരന് എം.പി. രംഗത്തെത്തി. യു ടേണുകളിലെ റെക്കോര്‍ഡിന്റെ പേരില്‍ മാത്രമാണ് കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന് ലോകത്തെ അമ്പരപ്പിച്ചതെന്ന് അദ്ദേഹം പരിഹസിച്ചു. കേരളത്തെ കൊന്ന ഏഴ് വര്‍ഷങ്ങള്‍ എന്ന കോണ്‍ഗ്രസ് സാമൂഹിക മാധ്യമ ക്യാമ്പയിനിന്റെ ഭാഗമായാണ് കെ. മുരളീധരന് സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.
ശാസ്ത്രീയമായി എങ്ങനെ യു ടേണ്‍ നടത്താം എന്നതിലെ ‘ലോകത്തിന്റെ കെ പുരസ്കാരം’ പിണറായി വിജയന്റെ സര്‍ക്കാരിന് മാത്രം അവകാശപ്പെട്ടതാണ്. ‘പാവം പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് നിര്‍ബന്ധിച്ചു കയ്യടിപ്പിച്ച ‘കെ റെയില്‍ വരും കേട്ടോ…’ എന്ന പിണറായിയുടെ പ്രഖ്യാപനം, ഇന്ന് കേരളത്തിലെ കുട്ടികളെ പോലും ചിരിപ്പിക്കുന്ന വലിയ തമാശയാണ്. തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ ആദ്യ ദിനം നടത്തിയ ആ പ്രഖ്യാപനം, തൃക്കാക്കരയില്‍ വച്ചു തന്നെ യു ടേണ്‍ അടിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്ഷന് പ്രായം ഉയര്‍ത്തും എന്ന സര്‍ക്കാര്‍ പ്രഖ്യാപന വണ്ടിയുടെ ഡോര്‍ തുറന്ന് യു ടേണ്‍ അടിപ്പിച്ചത് എംവി ഗോവിന്ദന് മാഷ് ആയിരുന്നു’, കെ. മുരളീധരന് ഫെയ്സ്ബുക്കില്‍ കുറിച്ചു.