മലയാളത്തിന്റെ സംഗീത സൗന്ദര്യമാണ് കെ. എസ്. ചിത്ര. അറുപത് പിന്നിടുമ്പോഴും ആ ശബ്ദത്തിനിന്നും പതിനേഴിന്റെ ചെറുപ്പം. വിവിധ ഭാഷകളിലായി 25,000 ലേറെ പാട്ടുകള്‍ ചിത്ര ആലപിച്ചുകഴിഞ്ഞു, അവയില്‍ മലായും ലാറ്റിനും അറബിയും ഇംഗ്ലീഷും ഫ്രഞ്ചും ഉള്‍പ്പെടുന്നു എന്നതാണ് ശ്രദ്ധേയം. ഇന്ത്യയിലെ എല്ലാ പ്രമുഖ സംഗീത സംവിധായകര്‍ക്കുവേണ്ടിയും ചിത്ര ഗാനങ്ങള്‍ ആലപിച്ചു. ഏറ്റവും കൂടുതല്‍ ഒപ്പം പാടിയത് യേശുദാസും ബാലസുബ്രഹ്‌മണ്യവും എം.ജി. ശ്രീകുമാറുമാണ്. മെലഡി ക്വീന്‍ ഓഫ് ഇന്ത്യ, ഗോള്‍ഡന്‍ വോയ്സ് ഓഫ് ഇന്ത്യ, വാനമ്പാടി, ചിന്നക്കുയില്‍ തുടങ്ങി നിരവധി വിശേഷണങ്ങള്‍ നേടിയ ഗായിക കൂടിയാണ് ചിത്ര. പ്രശസ്ത കര്‍ണാടകസംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിയുടെ കീഴിലായിരുന്നു ചിത്രയുടെ സംഗീതാഭ്യസനം. ഡോ. ഓമനക്കുട്ടിയുടെ സഹോദരനായ എം.ജി. രാധാകൃഷ്ണനാണ് ചിത്രയെ സിനിമാഗാനരംഗത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്.
1979 ലാണ് ചിത്ര ആദ്യമായി ഒരു ചലച്ചിത്രത്തിന് വേണ്ടി പിന്നണി പാടുന്നത്. കുമ്മാട്ടിയിലെ മുത്തശ്ശിക്കഥയിലേ എന്ന് തുടങ്ങുന്ന ഗാനത്തിന് കോറസ് പാടി. 1982 മുതലാണ് ചിത്ര മലയാളസിനിമയില്‍ സജീവമാകുന്നത്. അക്കൊല്ലം എം.ജി. രാധാകൃഷ്ണന്‍ സംഗീതം നിര്‍വഹിച്ച മൂന്ന് ചിത്രങ്ങളുള്‍പ്പെടെ അഞ്ച് സിനിമകളില്‍ ചിത്ര ഗാനങ്ങള്‍ ആലപിച്ചു. അട്ടഹാസം എന്ന ചിത്രത്തിലെ ചെല്ലം ചെല്ലം എന്ന ഗാനം ആദ്യമായി ആലപിച്ചു. എങ്കിലും ആദ്യമായി റിലീസായ ചിത്രം ഞാന്‍ ഏകനാണ് എന്നതാണ്. ചിത്രത്തിലെ രജനീ.. എന്നാരംഭിക്കുന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നങ്ങോട്ട് മലയാള സിനിമയില്‍ ചിത്രയുടെ യുഗം ആരംഭിക്കുകയായിരുന്നു.
വൈകാതെ ഭാഷകളും കടന്ന് ചിത്ര ഇന്ത്യയുടെ അഭിമാന ശബ്ദമായി മാറി. 16 തവണയാണ് സംസ്ഥാനസര്‍ക്കാരിന്റെ മികച്ച പിന്നണിഗായികയ്ക്കുള്ള പുസ്‌കാരം ചിത്രയെ തേടിയെത്തിയത്. 1985 മുതല്‍ 1995 വരെ തുടര്‍ച്ചയായി ആ പുരസ്‌കാരം സ്വന്തമാക്കാനും ചിത്രയ്ക്കായി. മഞ്ഞള്‍ പ്രസാദവും, ഇന്ദുപുഷ്പം ചൂടി, എന്നീ മലയാളഗാനങ്ങളിലൂടെ 1987, 1989 വര്‍ഷങ്ങളില്‍ മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരവും ചിത്രയ്ക്ക് ലഭിച്ചു. ദേശീയതലത്തില്‍ ചിത്രയ്ക്ക് ആദ്യപുരസ്‌കാരം ലഭിച്ചത് 1986 ലാണ്. സിന്ധുഭൈരവി എന്ന തമിഴ്ചിത്രത്തിലെ പാടറിയേന്‍ പടിപ്പറിയേന്‍ എന്ന ഇളയരാജ ഗാനത്തിലൂടെയായിരുന്നു ആ നേട്ടം. പിന്നീട് 1996 ല്‍ എ.ആര്‍. റഹ്‌മാന്റെ സംഗീതത്തിലൊരുങ്ങിയ മാനാ മധുരൈ മാമര്ക്ക് ( ചിത്രം: മിന്‍സാര കനവ്), 2004 ല്‍ ഒവ്വൊരു പൂക്കളുമേ (ചിത്രം: ഓട്ടോഗ്രാഫ്, സംഗീതം: ഭരദ്വാജ്) എന്നീ തമിഴ്ഗാനങ്ങളിലൂടെയും ദേശീയപുരസ്‌കാരം നേടാന്‍ ചിത്രയ്ക്ക് സാധിച്ചു. കൂടാതെ 1997 ല്‍ അനുമാലിക്കിന്റെ ഈണത്തില്‍ വിരാസത് എന്ന ഹിന്ദി ചിത്രത്തിന് വേണ്ടി ആലപിച്ച പായലേം ചുന്‍ മുന്‍ എന്ന ഗാനവും വാനമ്പാടിയ്ക്ക് ദേശീയപുരസ്‌കാരം നേടിക്കൊടുത്തു.
സംഗീതജ്ഞനും അധ്യാപകനുമായ കരമന കൃഷ്ണന്‍ നായരായിരുന്നു ചിത്രയുടെ അച്ഛന്‍. അമ്മ ശാന്താകുമാരി. പ്രമുഖ ഗായികയായിരുന്ന കെ.എസ്. ബീന, ഗിറ്റാര്‍ വിദഗ്ധന്‍ കെ.എസ്. മഹേഷ് എന്നിവരാണ് സഹോദരങ്ങള്‍. വിജയശങ്കറാണ് ചിത്രയുടെ ഭര്‍ത്താവ്.