തിരുവനന്തപുരം: കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റായി വീണ്ടും ചുമതലയേറ്റെടുത്തു. എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സുധാകരൻ സ്ഥാനമേറ്റെടുക്കാൻ എത്തിയത്. താൽക്കാലിക പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്ന എം.എം ഹസൻ സുധാകരൻ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിന് എത്തിയില്ല.
ഒരു ഉപാധിയുമില്ലാതെയാണ് എ.ഐ.സി.സി തനിക്ക് പദവി തിരിച്ചുനൽകിയതെന്ന് സുധാകരൻ പറഞ്ഞു. പ്രതിപക്ഷനേതാവ് ചടങ്ങിനെത്താത്തത് അദ്ദേഹത്തിന്റെ തിരക്ക് മൂലമായിരിക്കും. എം.എം ഹസൻ ചടങ്ങിന് എത്തേണ്ടതായിരുന്നു. ഹസൻ എടുത്ത തീരുമാനങ്ങൾ കൂടിയാലോചനകളില്ലാതെയാണ്. കോൺഗ്രസിൽ കേഡർ സംവിധാനം വേണ്ടെന്ന് മുരളീധരൻ പറഞ്ഞത് തമാശ രൂപത്തിലായിരിക്കുമെന്നും സുധാകരൻ പറഞ്ഞു.
കണ്ണൂരിൽ സ്ഥാനാർഥിയായതിനെ തുടർന്നാണ് കെ. സുധാകരൻ താൽക്കാലികമായി അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനിന്നത്. പ്രസിഡന്റിന്റെ ചുമതല എം.എം. ഹസനെ ഹൈക്കമാൻഡ് ഏൽപ്പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് നടപടികൾ തീരുംവരെയാണ് ഹസന് ചുമതലയെന്നായിരുന്നു നിയമന ഉത്തരവിൽ. തെരഞ്ഞെടുപ്പ് നടപടികളെന്നാൽ വോട്ടെണ്ണൽ കഴിയുംവരെയെന്ന വ്യാഖ്യാനത്തിൽ ഹസൻ ചുമതലയിൽ തുടരുകയായിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് ഇടയായി. പിന്നീട് കെ. സുധാകരന്റെ സമ്മർദത്തിനു മുന്നിൽ ഹൈക്കമാൻഡ് വഴങ്ങുകയായിരുന്നു.