മോന്‍സണ്‍ മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്‌സോ കേസുമായി ബന്ധപ്പെട്ട എം.വി.ഗോവിന്ദന്റെ പരാമര്‍ശത്തിനെതിരെ നിയമനടപടിക്കൊരുങ്ങി കെ.സുധാകരന്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ കെ.സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നെന്ന പരാമര്‍ശത്തിനെതിരെയാണ് കോടതിയെ സമീപിക്കുക. ദേശാഭിമാനി പത്രത്തിനെതിരെയും നിയമനടപടി സ്വീകരിക്കാന്‍ തീരുമാനം. അഭിഭാഷകരുമായി വിഷയത്തില്‍ സുധാകരന്‍ കൂടിക്കാഴ്ച നടത്തി.
എം വി ഗോവിന്ദന്‍ പറഞ്ഞത് നാക്കുപിഴയായിരുന്നില്ലെന്നും പാര്‍ട്ടി തനിക്കെതിരെ ആസൂത്രിതമായി ഉയര്‍ത്തിയ വ്യാജ ആരോപണമായിരുന്നു അതെന്നുമാണ് കെ സുധാകരന്‍ കോടതിയെ ധരിപ്പിക്കാനിരിക്കുന്നത്. എന്നാല്‍ ഇതുവരെയും തന്റെ വാക്കുകളെ എം വി ഗോവിന്ദന്‍ തള്ളിപ്പറഞ്ഞിട്ടില്ല. കെ സുധാകരനെതിരായ ആരോപണത്തില്‍ എം വി ഗോവിന്ദന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്.
പോക്‌സോ കേസ് അതിജീവിതയെ തനിക്ക് പരിചയമില്ലെന്ന് ആരോപണം പുറത്തുവന്ന പശ്ചാത്തലത്തില്‍ തന്നെ കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം മോന്‍സണ്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ കെ സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയതില്‍ കോണ്‍ഗ്രസ് കടുത്ത പ്രതിഷേധത്തിലാണ്. സുധാകരനെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാമെന്ന് കെ സുധാകരന്‍ പറഞ്ഞിരുന്നെങ്കിലും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങള്‍ സ്ഥാനമൊഴിയാന്‍ സുധാകരനെ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.