Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകെ. ജി. ജോർജിന്റെ മരണം:പ്രതികരണത്തെ തുടർന്നുണ്ടായ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് കെ.സുധാകരൻ

കെ. ജി. ജോർജിന്റെ മരണം:പ്രതികരണത്തെ തുടർന്നുണ്ടായ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് കെ.സുധാകരൻ

തിരുവനന്തപുരം : സംവിധായകൻ കെ.ജി.ജോർജിന്റെ വിയോഗവാർത്തയോടുള്ള പ്രതികരണത്തെ തുടർന്നുണ്ടായ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കെ.ജി.ജോർജ് ആണ് മരിച്ചതെന്നു ചോദ്യത്തിൽനിന്നു മനസ്സിലായിരുന്നില്ലെന്നും ഒരുപാട് രാഷ്ട്രീയ ചോദ്യങ്ങൾക്കിടയിൽ രാഷ്ട്രീയ മേഖലയ്ക്ക് പുറത്തുനിന്നുള്ള ചോദ്യം പ്രതീക്ഷിച്ചിരുന്നില്ലെന്നും സുധാകരൻ പറഞ്ഞു. സമാനപേരിലുളള പഴയകാല സഹപ്രവർത്തകനാണ് മനസ്സിൽ വന്നത്. കൃത്യമായി ചോദിച്ചറിയാതിരുന്നത് വീഴ്ചയായി അംഗീകരിക്കുന്നെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും സുധാകരൻ സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറഞ്ഞു.


‘‘ജോർജ് നല്ലൊരു പൊതുപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു’’ എന്നാണു കെ.ജി.ജോർജിന്റെ വിയോഗത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ സുധാകരൻ പ്രതികരിച്ചത്. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ദുഃഖമുണ്ടെന്നും സുധാകരൻ പറഞ്ഞു. ഇതോടെ സമൂഹമാധ്യമങ്ങളിൽ സുധാകരനെതിരെ ട്രോളുകൾ നിറയുകയായിരുന്നു.

കെ.സുധാകരന്റെ കുറിപ്പിന്റെ പൂർണരൂപം:

രാവിലെ കെ.ജി.ജോർജ് മരണപ്പെട്ടതിനെ പറ്റി ചോദിച്ചപ്പോൾ അനുചിതമായ ഒരു പ്രസ്താവന എന്റെ ഭാഗത്തുനിന്നുണ്ടായി. മലയാളത്തിന്റെ അഭിമാനമായ സിനിമാപ്രവർത്തകൻ കെ.ജി.ജോർജ് ആണ് നമ്മളോട് വിട പറഞ്ഞതെന്ന് ചോദ്യത്തിൽനിന്ന് എനിക്ക് മനസ്സിലായിരുന്നില്ല. സമാനപേരിലുളള എന്റെ പഴയകാല സഹപ്രവർത്തകനാണ് മനസ്സിൽ വന്നത്. ഒരുപാട് രാഷ്ട്രീയ ചോദ്യങ്ങൾക്കിടയിൽ രാഷ്ട്രീയ മേഖലയ്ക്ക് പുറത്തുനിന്നുള്ള ഒരു ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.

ആരാണ് മരണപ്പെട്ടതെന്ന് മാധ്യമപ്രവർത്തകർ എന്നോട് കൃത്യമായി പറഞ്ഞില്ല. അവരോട് അത് ചോദിച്ചറിയാതിരുന്നത് എന്റെ ഭാഗത്തുനിന്നു വന്ന വീഴ്ചയായി അംഗീകരിക്കുന്നു. പൊതുപ്രവർത്തകനെന്ന നിലയിൽ പാലിക്കേണ്ട ജാഗ്രത ഇക്കാര്യത്തിൽ ഉണ്ടായില്ല. വീഴ്ചകളിൽ ന്യായീകരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നത് കോൺഗ്രസിന്റെ സംസ്കാരമല്ല. അതുകൊണ്ടുതന്നെ എന്റെ പ്രതികരണത്തിലെ അനൗചിത്യത്തിൽ എന്റെ പാർട്ടിയുടെ പ്രിയപ്പെട്ട പ്രവർത്തകർക്കും കെ.ജി.ജോർജിനെ സ്നേഹിക്കുന്നവർക്കും ഉണ്ടായ മനോവിഷമത്തിൽ ഞാൻ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു. എണ്ണം പറഞ്ഞ കലാസൃഷ്ടികൾ കൊണ്ട് മലയാള സിനിമാ ചരിത്രത്തിൽ തന്റേതായ ഇരിപ്പിടം ഉറപ്പിച്ച കെ.ജി.ജോർജിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments