തിരുവനന്തപുരം: ഇസ്രയേലിലും പലസ്തീനിലും കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയക്കുകയും ഇസ്രയേയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് സിംഗ്ലയുമായി ഫോണില്‍ ആശയവിനിമയം നടത്തുകയും ചെയ്തു.
ജോലിക്കും തീര്‍ത്ഥാടനത്തിനും മറ്റുമായിപോയ നിരവധി മലയാളികളാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്. ഏകദേശം 18000ത്തോളം ഇന്ത്യക്കാരില്‍ 7000ത്തോളം മലയാളികളുണ്ടെന്നാണ് മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞത്. ഇവരെ നാട്ടിലേക്കോ അല്ലെങ്കില്‍ അവിടെത്തന്നെ സുരക്ഷിതമായ സ്ഥലത്തേക്കോ മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. അവരുടെ സുരക്ഷ ഇന്ത്യന്‍ എംബസി ഉറപ്പാക്കണം. നാട്ടിലേക്ക് മടങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്കായി പ്രത്യേക വിമാനസര്‍വീസ് ഏര്‍പ്പെടുത്തണം എന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.