Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതെളിവ് നശിപ്പിക്കാൻ വിദ്യയ്ക്ക് സമയം നൽകി, ഇതാണ് ഉമ്മൻ ചാണ്ടിയും പിണറായിയും തമ്മിലുള്ള വ്യത്യാസം; കെ....

തെളിവ് നശിപ്പിക്കാൻ വിദ്യയ്ക്ക് സമയം നൽകി, ഇതാണ് ഉമ്മൻ ചാണ്ടിയും പിണറായിയും തമ്മിലുള്ള വ്യത്യാസം; കെ. സുധാകരൻ

ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയശേഷം സിപിഐഎം സംരക്ഷണത്തിലുള്ള മുടക്കോഴി മലയിൽ ഒളിച്ചു താമസിച്ച പ്രധാന പ്രതികളെ പിടികൂടാൻ എടുത്തതിനോളം ദിവസമെടുത്താണ് പിണറായി സർക്കാരിന്റെ കാലത്ത് ഒളിവിൽപ്പോയ എസ്എഫ്‌ഐ വനിതാ നേതാവിനെ പൊലീസ് പിടികൂടിയതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ടിപി വധക്കേസ് പ്രതികളെ പിടിക്കാൻ പൊലീസിന് ഇത്രയും ബുദ്ധിമുട്ടേണ്ടി വന്നില്ലെന്നും ഇതാണ് ഉമ്മൻ ചാണ്ടിയും പിണറായി വിജയനും തമ്മിലുള്ള വ്യത്യാസമെന്നും സുധാകരൻ പറഞ്ഞു.

സിപിഎം നേതാക്കൾ ചിറകിലൊളിപ്പിച്ച എസ്എഫ്‌ഐ നേതാവിനെ പിടികൂടാൻ പോലീസിന് 16 ദിവസം വേണ്ടി വന്നു. പ്രതിക്ക് തെളിവുകൾ നശിപ്പിക്കാനും ഒളിവിൽ കഴിയാനും ഒത്താശ ചെയ്ത പോലീസ് കോടതിൽനിന്ന് മുൻകൂർ ജാമ്യം നേടാനുള്ള ശ്രമത്തിനും ഒത്താശ ചെയ്തു. ഗത്യന്തരമില്ലാതെയാണ് ഒടുക്കം പാർട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ പോലീസിന് കീഴടങ്ങിയത്. മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജസർട്ടിഫിക്കറ്റുകൾ തയാറാക്കാനും മൂന്നു കോളജുകളിൽ അധ്യാപികയായി ജോലി നേടാനും വിദ്യയ്ക്ക് സഹായം നല്കിയവരെയും ഒളിവിൽ പോകാൻ സഹായിച്ചവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

കായംകുളം എംഎസ്എം കോളജിൽ വ്യാജസർട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രവേശനം നേടിയ നിഖിൽ തോമസ് പോലിസിന്റെ കാണാമറയത്ത് തുടരുന്നു. സർട്ടിഫിക്കറ്റ് വ്യാജമാണെന്നു കലിംഗ സർവകലാശാല അറിയിച്ചെങ്കിലും നിഖിലിനെ അറസ്റ്റ് ചെയ്യാൻ പോലീസിനു ധൈര്യമില്ല. തെളിവുകൾ നശിപ്പിക്കാനും നിയമപഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടാനും പോലീസ് സാവകാശം നല്കിയിരിക്കുകയാണ്. അറസ്റ്റിനു പാകമാകുമ്പോൾ സിപിഎം വീശുന്ന പച്ചക്കൊടിക്കായി കാത്തിരിക്കുന്ന പൊലീസ് അധഃപതനത്തിന്റെ അടിത്തട്ടിലെത്തി.

എസ്എഫ്‌ഐക്കാരുടെ വ്യാജനിർമിതികൾ കൊടുമ്പിരികൊണ്ടപ്പോൾ നിരപരാധിയായ കെഎസ്‌യു നേതാവ് അൻസിൽ ജലീലിനെ കുടുക്കാൻ സിപിഎം നടത്തിയ നെറികെട്ട കരുനീക്കം കണ്ട് തലമരവിച്ചുപോയി. മലയാള മനോരമയ്‌ക്കെതിരേ വ്യാജകത്ത് നിർമിക്കുകയും തനിക്കെതിരേ പോക്‌സോ കേസുണ്ടെന്ന് വെണ്ടയ്ക്കാ നിരത്തുകയും ചെയ്ത ദേശാഭിമാനിയാണ് അൻസിൽ ജലീലിനെതിരേ വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കി പ്രസിദ്ധീകരിച്ചത്. കേരളത്തിലെ ഉന്നതമായ പത്രസംസ്‌കാരത്തിനു കളങ്കമാണ് ഈ അശ്ലീല പ്രസിദ്ധീകരണം. വ്യാജസർട്ടിഫിക്കറ്റ് പ്രസിദ്ധീകരിച്ചതിനെതിരേ അൻസിൽ നല്കിയ പരാതിയിൽ പൊലീസ് അടയിരിക്കുമ്പോൾ ദേശാഭിമാനിയിൽ കണ്ട വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സർവകാലാശാല നൽകിയ പരാതിയിൽ ഇദ്ദേഹത്തിനെതിരേ പൊലീസ് കേസെടുക്കുകയും ചെയ്തു.

ജീവിതപ്രാരാബ്ദം മുഴുവൻ തോളിലേറ്റി, ഉന്നതവിദ്യാഭ്യാസത്തിനു ത്രാണിയില്ലാതെ കാപ്പിക്കട നടത്തി രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാൻ പാടുപെടുന്ന ഈ യുവാവിനോട് സിപിഐഎം നടത്തുന്ന ക്രൂരത കണ്ണൂരിലെ വെട്ടുസംസ്‌കാരത്തിനു സമാനമാണ്. നിരപരാധിയായ അൻസലിന് പാർട്ടിയുടെ പൂർണ സംരക്ഷണമുണ്ടാകും. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടുന്നതിനു പകരം കൊലയും കൊള്ളയും വെട്ടും കുത്തും വ്യാജസർട്ടിഫിക്കറ്റ് നിർമാണവും നടത്തുന്ന സിപിഐഎം എല്ലാ വൃത്തികേടുകളുടെയും കൂടാരമാണെന്നും സുധാകരൻ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com