ചെന്നൈ: ഡി.എം.കെ. നേതൃത്വത്തിൽ കമലഹാസൻ രാജ്യസഭയിലെത്താനുള്ള സാധ്യത തെളിയുന്നു. ഇന്ന് രാവിലെ ഡി.എം.കെ. മന്ത്രി ശേഖർ ബാബു കമലഹാസനെ കണ്ട് രാജ്യസഭാ സീറ്റ് നൽകുന്നത് സംബന്ധിച്ച് ചർച്ച നടത്തിക്കഴിഞ്ഞു.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിർദേശപ്രകാരമാണീ നടപടി. ജൂലൈയിൽ ഒഴിവ് വരുന്ന ആറു സീറ്റുകളിൽ ഒന്ന് നൽകാനാണ് ഡി.എം.കെയുടെ തീരുമാനം. ആറെണ്ണത്തിൽ, കുറഞ്ഞത് നാല് സീറ്റിലെങ്കിലും അനായാസം വിജയിക്കാൻ ഡി.എം.കെക്ക് കഴിയും. അഞ്ച് രാജ്യസഭ സീറ്റ് വരെ സ്വന്തമാക്കാൻ കഴിയുമെന്നാണ് ഡി.എം.കെ കണക്ക് കൂട്ടൽ.
കമലഹാസൻ മത്സരിക്കാൻ തന്നെയാണ് സാധ്യത. ഇതിലൂടെ കമലഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മൈയത്തിനെ ഒപ്പം നിർത്താമെന്ന കണക്ക് കൂട്ടലിലാണ് ഡി.എം.കെ. വരുന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ താര പ്രചാരകനായി കമലഹാസനെ ഉയർത്തികാണിക്കാനും ആലോചനയുണ്ട്.
കേന്ദ്ര സർക്കാറിനോട് സന്ധിയില്ലാതെ പോരാടുന്ന കമലഹാസന്റെ സാന്നിധ്യം ഏറെ ഗുണം ചെയ്യുെമന്നാണ് സ്റ്റാലിന്റെ കണക്ക് കൂട്ടൽ. മുൻപ് കോയമ്പത്തൂരിൽ മത്സരിക്കാനുള്ള താൽപര്യം കമലഹാസൻ ഡി.എം.കെ നേതൃത്വത്തോട് പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ, നേരത്തെ തന്നെ ഡി.എം.കെ. സീറ്റ് ഉറപ്പ് നൽകിയതാണെന്ന് മക്കൾ നീതി മൈയം വക്താക്കൾ പറയുന്നു.