ചെന്നൈ :കമൽഹാസന്റെ മക്കൾ നീതി മയ്യം കോൺഗ്രസുമായി ചേർന്നു ഡിഎംകെ സഖ്യത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യത തെളിയുന്നു. പാർട്ടിക്കു സീറ്റ് ലഭിച്ചില്ലെങ്കിൽ കോൺഗ്രസിനു ലഭിക്കുന്ന സീറ്റുകളിലൊന്നിൽ കൈപ്പത്തി ചിഹ്നത്തിൽ കമൽ മത്സരിക്കാൻ തയാറാകുമെന്നാണു സൂചന.
കഴിഞ്ഞ തവണ 10 സീറ്റുകളിൽ മത്സരിച്ച് 9 ഇടത്തു ജയിച്ച കോൺഗ്രസിന് ഇത്തവണ 9 സീറ്റ് ഡിഎംകെ നൽകുമെന്നാണു വിലയിരുത്തൽ. കമൽ കൂടി കോൺഗ്രസിനൊപ്പം ചേർന്നാൽ ഒരു സീറ്റു കൂടി അധികമായി അനുവദിക്കുമെന്നും സൂചനയുണ്ട്. മക്കൾ നീതി മയ്യത്തിന്റെ ഏഴാം വാർഷികദിനമായ 21ന് വ്യക്തമായ പ്രഖ്യാപനമുണ്ടായേക്കും.
കോൺഗ്രസിനോടു തുടക്കംമുതലേ ആഭിമുഖ്യം കാട്ടുന്ന കമൽ, രാഹുൽ ഗാന്ധിയോടും അടുപ്പം സൂക്ഷിക്കുന്നുണ്ട്. ഈറോഡ് ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യസ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ ഇ.വി.കെ.എസ്.ഇളങ്കോവനെ പിന്തുണച്ച അദ്ദേഹം ഭാരത് ജോഡോ യാത്രയിൽ ഡൽഹിയിൽ അണിചേർന്നിരുന്നു.