കണ്ണൂർ : വിമാന സർവീസുകൾ കുറഞ്ഞതോടെ കണ്ണൂർ വിമാനത്താവളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. 2350 കോടി രൂപ മുതൽ മുടക്കിൽ നിർമിച്ച കണ്ണൂർ വിമാനതാവളത്തിന്റെ കടം ഇന്ന് 1100 കോടിക്ക് മുകളിലാണ്. ലോകോന്തര നിലവാരത്തിൽ തുടങ്ങിയ വിമാന താവളമാണ് യാത്രക്കാരില്ലാതെ ഇപ്പോൾ അന്ത്യശ്വാസം വലിക്കുന്നത്.
രണ്ട് വിമാന കമ്പനികൾ മാത്രം സർവീസ് നടത്തുന്നതോടെ കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ ഇടിവാണ് സംഭവിക്കുന്നത്. ബാങ്കിങ്ങ് കൺസോർഷ്യം വഴിയെടുത്ത 892 കോടി രൂപയുടെ വായ്പ കോവിഡ് കാലത്തെ മൊറട്ടോറിയം കാലാവധി കഴിഞ്ഞതോടെ 1100 കോടിക്കു മുകളിലായിക്കഴിഞ്ഞു. ചരക്കു നീക്കം കുറഞ്ഞതും തിരിച്ചടിയാണ്. ദിവസവുമുള്ള ചരക്കു നീക്കം 7 ടൺ വരെ മാത്രമായി കുറഞ്ഞു. എമിറേറ്റ്സ് , ശ്രീലങ്കൻ എയർലൈൻസ് , മലിൻഡോ എയർ , സിംഗപ്പൂർ എയർലൈൻസ് തുടങ്ങിയ വിമാന കമ്പനികൾ കണ്ണൂരിൽ നിന്ന് സർവീസ് നടത്താൻ ഇതിനോടകം താല്പര്യം പ്രകടിപ്പിച്ചെങ്കിലും വിമാന താവളത്തിന് പോയിന്റ് ഓഫ് കോൾ അനുമതി ഇല്ലാത്തത് ഇവരെയാരെയും കണ്ണൂരിൽ വിമാനം ഇറക്കാൻ അനുവദിക്കില്ല. വിമാനത്താവളത്തിന്റെ വരുമാനം കുറഞ്ഞതോടെ വായ്പ തിരിച്ചടവ് , ശമ്പള വിതരണം, ദിവസേനയുള്ള ചിലവുകൾ എന്നിവയെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി ബാധിക്കും