ബെംഗളൂരു: കർണാടകയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയതിനു തൊട്ടുപിന്നാലെ, സിദ്ധരാമയ്യ സർക്കാർ കോൺഗ്രസിന്റെ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് തത്വത്തിൽ അംഗീകാരം നൽകി. കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനു തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ്, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് തത്വത്തിൽ അംഗീകാരം നൽകിയത്.
ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത മന്ത്രിസഭാ യോഗം വിളിക്കുമെന്നും അതിനു ശേഷം തീരുമാനങ്ങൾ പ്രാബല്യത്തിൽ വരുമെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സിദ്ധരാമയ്യ അറിയിച്ചു. ജനങ്ങൾ ഞങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത് സർക്കാർ നടപ്പാക്കുമെന്നും സിദ്ധരാമയ്യ പ്രഖ്യാപിച്ചു.
സിദ്ധരാമയ്യ സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയ കോൺഗ്രസിന്റെ 5 തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ:
∙ ഗൃഹ ജ്യോതി: എല്ലാ വീട്ടിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യം ∙ ഗൃഹ ലക്ഷ്മി: എല്ലാ കുടുംബനാഥകൾക്കും മാസം തോറും 2000 രൂപ ∙ അന്ന ഭാഗ്യ: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് 10 കിലോ സൗജന്യ അരി ∙ യുവനിധി: ബിരുദധാരികളായ യുവാക്കൾക്ക് രണ്ടു വർഷത്തേക്ക് മാസം തോറും 3000 രൂപ; തൊഴില്‍ രഹിതരായ ഡിപ്ലോമക്കാര്‍ക്ക് 1500 രൂപ (ഈ ആനുകൂല്യം 18 മുതല്‍ 25 വരെ വയസ്സുള്ളവർക്ക് മാത്രം) ∙ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര