ബെംഗളൂരു: കർണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 224 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.
5.2 കോടി വോട്ടർമാരുള്ള കർണാടകയിലെ 224 മണ്ഡലത്തിലേക്ക് 2613 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 185 പേർ സ്ത്രീകളാണു. 58282 പോളിംഗ് സ്റ്റേഷനുകളാണു വോട്ട് ചെയ്യാനായി ഒരുക്കിയിരിക്കുന്നത്. ഇതിൽ 1320 പോളിംഗ് സ്റ്റേഷനുകളുടെ ഉത്തരവാദിത്തം വനിതാ ഉദ്യോഗസ്ഥർക്കാണ്. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന പോളിംഗ് വൈകിട്ട് ആറിനു അവസാനിക്കും.
കനത്ത പോരാട്ടം നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ നിർത്തിയപ്പോൾ 223 സീറ്റുകളിലാണ് കോൺഗ്രസ് നേരിട്ട് മത്സരിക്കുന്നത്. ജെ.ഡി.എസ് 207 സീറ്റുകളിൽ മത്സരിക്കുന്നു. ആം ആദ്മി പാർട്ടി 209 സീറ്റുകളിലും ബി.എസ്.പി 133 സീറ്റുകളിലും സ്ഥാനർഥികളെ നിർത്തിയിട്ടുണ്ട്. സി.പി.എം നാലും സി.പി.ഐ ഏഴും എസ്.ഡി.പി.ഐ 16 സീറ്റുകളിലും മത്സരിക്കുന്നു.