Monday, January 13, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനെയ്യാറ്റിന്‍കരയില്‍ സമാധിയിരുത്തിയ ഗോപന്‍സ്വാമിയുടെ മൃതദേഹം പുറത്തെടുക്കാന്‍ അനുവദിക്കില്ലെന്ന് കുടുംബം: സംഘർഷാവസ്ഥ

നെയ്യാറ്റിന്‍കരയില്‍ സമാധിയിരുത്തിയ ഗോപന്‍സ്വാമിയുടെ മൃതദേഹം പുറത്തെടുക്കാന്‍ അനുവദിക്കില്ലെന്ന് കുടുംബം: സംഘർഷാവസ്ഥ

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സമാധിയിരുത്തിയ ഗോപന്‍സ്വാമിയുടെ മൃതദേഹം പുറത്തെടുക്കാന്‍ അനുവദിക്കില്ലെന്ന് കുടുംബവും ഒരുവിഭാഗം നാട്ടുകാരും. സമാധിയിടം പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനെത്തിയ പോലീസ് സംഘത്തെ കുടുംബാംഗങ്ങളും ഒരുവിഭാഗം നാട്ടുകാരും തടഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.

സമാധിപീഠം ഒരുകാരണവശാലും പൊളിക്കാന്‍ അനുവദിക്കില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. പോലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഗോപന്‍സ്വാമിയുടെ ഭാര്യയും മക്കളും സമാധിപീഠത്തിന് മുമ്പിലേക്ക് ഓടിയെത്തി കുത്തിയിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി ഹിന്ദു ഐക്യവേദി, വി.എസ്.ഡി.പി. സംഘടനകളും സ്ഥലത്തുണ്ട്. ഒടുവില്‍ കുടുംബാംഗങ്ങളെ ബലംപ്രയോഗിച്ചാണ് പോലീസ് സംഘം സമാധിപീഠത്തിന് സമീപത്തുനിന്ന് മാറ്റിയത്.

സമാധിയിടത്തിലെ കോണ്‍ക്രീറ്റ് സ്ലാബ് അഞ്ചുവര്‍ഷം മുമ്പേ മയിലാടിയില്‍നിന്ന് വിഗ്രഹങ്ങള്‍ക്കൊപ്പം അച്ഛന്‍ കൊണ്ടുവന്നതാണെന്ന് മകന്‍ പ്രതികരിച്ചു. ഇരിക്കാനുള്ള പത്മപീഠവും വിഗ്രഹങ്ങള്‍ക്കൊപ്പം കൊണ്ടുവന്നതാണ്. അത് നാട്ടുകാര്‍ക്കറിയാം. നാട്ടുകാരെല്ലാം അന്ന് വിഗ്രഹം എടുക്കാന്‍ വന്നിരുന്നു. അച്ഛന്‍ ഇന്നദിവസം സമാധിയാകുമെന്ന് അച്ഛന്‍ തന്നെ പറഞ്ഞിരുന്നു. ഒരുകാരണവശാലം പൊളിക്കാന്‍ സമ്മതിക്കില്ല. ഹിന്ദു ആചാരങ്ങളെ വ്രണപ്പെടുത്തി ഒരുകാര്യവും ചെയ്യാനാകില്ലെന്നും മകന്‍ പറഞ്ഞു.

ഗോപന്‍സ്വാമി സമാധിയായതിനാല്‍ സമാധിപീഠം പൊളിക്കാനാകില്ലെന്ന് ഭാര്യ സുലോചനയും പറഞ്ഞു. സമാധി ഇരിക്കുന്നസമയത്ത് ആരും കാണരുത്. ആ സമയത്ത് മക്കള്‍ പൂജകളും കര്‍മങ്ങളും ചെയ്യണം. ആരെങ്കിലും കണ്ടാല്‍ ആ കര്‍മങ്ങള്‍ പൂര്‍ത്തിയാകില്ല. അതെല്ലാം മകനോട് നേരത്തെ പറഞ്ഞുകൊടുത്തിരുന്നു. അഞ്ചുകൊല്ലം മുമ്പേ ഇതെല്ലാം മകനോട് പറഞ്ഞിരുന്നതായും ഭാര്യ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com