തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ നിത്യ ചെലവിനായി കേരളം നാളെ 1500 കോടി രൂപ കടമെടുക്കും. ഡിസംബര്‍ മുതലുള്ള മൂന്നുമാസത്തേക്ക് എടുക്കാന്‍ അനുവദിച്ച തുകയില്‍ നിന്നാണ് കേരളം മുന്‍കൂര്‍ കടമെടുക്കുന്നത്. ഇതോടെ ഡിസംബര്‍ മുതലുള്ള മൂന്ന് മാസക്കാലം പ്രതിസന്ധി കടുക്കും.
ഡിസംവര്‍ വരെ പൊതുവിപണിയില്‍ നിന്ന് 21800 കോടി കടമെടുക്കുന്നതിനായിരുന്നു കേന്ദ്രാനുമതി. ഇതില്‍ 52 കോടി മാത്രമാണ് അവശേഷിക്കുന്നത്. ബാക്കി തുക കഴിഞ്ഞമാസത്തോടെ തന്നെ കേരളം കടമെടുത്ത് തീര്‍ത്തിരുന്നു. കടമെടുക്കാതെ അടുത്തമാസത്തെ ശമ്പളവും പെന്‍ഷനും നല്‍കാനാവാത്ത സ്ഥിതിയിലായിരുന്നു സര്‍ക്കാര്‍. നവകേരളസദസിനിടെ ശമ്പളം മുടങ്ങുന്ന സ്ഥിതിയുണ്ടായാല്‍ സര്‍ക്കാരിന് കനത്ത തിരിച്ചടിയുമാകും. ഇതോടെയാണ് മുന്‍കൂര്‍ വായ്പക്ക് കേന്ദ്രത്തിന്‍റെ അനുമതി തേടിയത്. ജനുവരി മുതലുള്ള മൂന്ന് മാസത്തേക്ക് 4000 കോടി കടമെടുക്കാന്‍ അനുമതി കിട്ടുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. ഇതില്‍ നിന്ന് 2000 കോടി മുന്‍കൂര്‍ അനുവദിക്കാന്‍ കേരളം അപേക്ഷിച്ചിരുന്നു. കേന്ദ്രം അനുമതി നല്‍കി. ഇതില്‍ 1500 കോടിയാണ് നാളെ പൊതുവിപണിയില്‍ നിന്ന് കടമെടുക്കുന്നത്. ഇതോടെ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ചെലവിനായി കടമെടുക്കാന്‍ അവശേഷിക്കുന്നത് 2500 കോടിയോളം മാത്രമാകും.
ട്രഷറി നിയന്ത്രണം കടുത്ത നിലയില്‍ തുടര്‍ന്നാല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പദ്ധതി നിര്‍വഹണം അവതാളത്തിലാകുകയും ചെയ്യും. ഈ രണ്ട് മാസങ്ങളിലായാണ് പദ്ധതി ചെലവിന്‍റെ ബില്ലുകള്‍ കൂട്ടത്തോടെ ട്രഷറിയിലേക്ക് എത്തുന്നത്.