തിരുവനന്തപുരം: പ്രതിപക്ഷം ഉന്നയിച്ച വിഷയത്തില്‍ സര്‍ക്കാര്‍ പറയേണ്ട മറുപടി സ്പീക്കര്‍ പറഞ്ഞതില്‍ അനൗചിത്യമുണ്ടെന്ന് വി.ഡി.സതീശന്‍. സര്‍ക്കാരും ജയില്‍ അധികാരികളും തമ്മിലുള്ള ആശയവിനിമയത്തിന് തെളിവുകളുണ്ടെന്ന് സതീശന്‍ പറഞ്ഞതോടെ കൂടുതല്‍ സംസാരിക്കുന്നത് അനുവദിക്കാനാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. ഇതോടെ സംസാരം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സതീശനും കയര്‍ത്തു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പറ്റില്ലെന്ന കടുത്ത നിലപാടാണ് സ്പീക്കര്‍ സ്വീകരിച്ചത്. നിങ്ങള്‍ക്കു ഭയമാണെന്ന് സതീശന്‍ തിരിച്ചടിച്ചു. തുടര്‍ന്ന് ചോദ്യം ചോദിക്കാന്‍ സ്പീക്കര്‍ കടകംപള്ളി സുരേന്ദ്രനെ ക്ഷണിച്ചതോടെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. ‘കൊല്ലാം, തോല്‍പിക്കാനാവില്ല’, ‘ടിപിയെ കൊന്നുതള്ളിയിട്ടും സിപിഎമ്മിന് പകയൊടുങ്ങുന്നില്ല’ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം സ്പീക്കറുടെ കസേരയ്ക്കു മുന്നില്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് സഭ പിരിയുന്നുവെന്നും നാളെ രാവിലെ 9 മണിക്ക് വീണ്ടും സമ്മേളിക്കുമെന്നും അറിയിച്ച് സ്പീക്കര്‍ സഭ വിട്ടു.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള നീക്കത്തിനെതിരായി നൽകിയ അടിയന്തര പ്രമേയ നോട്ടിസ് സഭ നേരത്തെ തള്ളിയിരുന്നു.