വന്യജീവികൾ വനാതിർത്തി കടന്ന് അനേകം കിലോമീറ്ററുകൾ നാട്ടിലൂടെ വിരഹിക്കുന്നത് ഇന്ന് പ്രതിസന്ധികൾ സൃഷ്ടിക്കുന്നുവെന്ന് കേരള ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പരാമർശിച്ചു. കാട്ടുപന്നി, ആന, മുള്ളൻ പന്നി, പുലി, കടുവ എന്നീ വന്യജീവികൾ ഉയർത്തുന്ന വെല്ലുവിളികൾ ഗൗരവത്തിലെടുക്കേണ്ടതാണ്. വനവും വന്യ ജീവികളും സംരക്ഷിക്കപെടുന്നതിനൊപ്പം തന്നെ മനുഷ്യ ജീവനും ഉപജീവന മാർഗങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനാൽ, വന്യജീവികൾ ജനവാസമേഖലകളിലേക്ക് ഇറങ്ങുന്നതിന്റെ ശരിയായ കാരണം കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അതിന് വേണ്ടിയുള്ള ശാസ്ത്രീയമായ നടപടികളും പരിഹാരങ്ങളും കണ്ടെത്താൻ സർക്കാർ ശ്രമിക്കും.
വന്യജീവി ആക്രമണങ്ങളുടെ നഷ്ടപരിഹാരം വർദ്ധിപ്പിക്കുന്നതിനും റാപിഡ് റെസ്പോൺസ് ടീമുകൾ രൂപീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അനുവദിച്ച പദ്ധതിത്തുകയായ 30.85 കൊടിക്കൊപ്പം അധികമായി 20 കോടി രൂപകൂടി അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഈ നീക്കത്തിലൂടെ പദ്ധതിയുടെ ആകെ തുക 50.85 കോടിയായി ഉയർത്തി.
കൂടാതെ, വനം – വന്യജീവി സംരക്ഷണത്തിനായി നബാർഡ് വായ്‌പകൾ ഉൾപ്പെടെ 241.66 കോടി അനുവദിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ജനപങ്കാളിത്തത്തോടെയുള്ള സുസ്ഥിരമായ വനസംരക്ഷണത്തിനും ശാസ്ത്രീയമായ വനപരിപാലനത്തിനുമായുള്ള തുക 35 കോടിയിൽ നിന്ന് 50 കൂടിയായി ഉയർത്തി. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചു വനാതിർത്തി തിട്ടപ്പെടുത്താനും കയ്യേറ്റങ്ങൾ തടയനുമായുള്ള പദ്ധതിക്കായി 28 കോടി രൂപ വകയിരുത്തിയതായി മന്ത്രി ബഡ്ജറ്റിൽ വ്യക്തമാക്കി.