തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണത്തിൽ അടിമുടി തട്ടിപ്പെന്നു വിജിലൻസ്. ക്രമ വിരുദ്ധമായി എറണാകുളത്തെ സമ്പന്നനായ വിദേശമലയാളി മൂന്നു ലക്ഷം രൂപയും, മറ്റൊരു വിദേശ മലയാളി നാൽപത്തിയ യ്യായിരം രൂപയും കൈപ്പറ്റിയതു മുതൽ വ്യാജരേഖ സമർപ്പിച്ചു വരെ പണം തട്ടിയെടുത്തു. സംസ്ഥാന വ്യാപകമായി കലക്ട്രേറ്റുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവർക്ക് നൽകുന്ന ചികിത്സാ സഹായം വ്യാജ രേഖകളും, സർട്ടിഫിക്കറ്റുകളും ഹാജരാക്കി സംസ്ഥാന വ്യാപകമായി പണം തട്ടുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എറണാകുളം കലക്ട്രേറ്റിൽ നടത്തിയ പരിശോധനയിലാണ് സമ്പന്നനായ പ്രവാസി മൂന്നു ലക്ഷം രൂപ വാങ്ങിയതായി കണ്ടെത്തിയത്. കൊല്ലം ജില്ലയിലെ 20 അപേക്ഷകളിൽ 14 എണ്ണം ഒരു എല്ലു രോഗ ഡോകടർ നൽകിയതാണെന്നും പുനലൂരിലെ ഡോക്ടർ ദുരിത ശ്വാസ നിധിയിലെ സഹായത്തിനായി 1500 മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ മതിയായ രേഖകളില്ലാതെ സമർപ്പിച്ച അപേക്ഷകളിലും പണം നൽകിയിട്ടുണ്ട്.മലപ്പുറം ജില്ലയിൽ തുക രേഖപ്പെടുത്താത്ത സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പണം കൈപ്പറ്റിയിട്ടുണ്ട്. തുകയ്ക്കായി സമർപ്പിച്ച പല സർട്ടിഫിക്കറ്റുകളും വ്യാജമാണെന്നതിനുള്ള തെളിവും കിട്ടിയിട്ടുണ്ട്. കോട്ടയം മുണ്ടക്കയം സ്വദേശി കോട്ടയം, ഇടുക്കി കലക്ട്രേറ്റുകളിൽ നിന്നും വ്യത്യസ്ത അസുഖം കാണിച്ച് പണം തട്ടിയെടുത്തു. ഇടുക്കിയിൽ രോഗം തിരുത്തിയും പണം നേടിയെടുത്തു. ഓപ്പറേഷൻ സി.എം.ഡി.ആർ.എഫ് എന്ന പേരിലായിരുന്നു വിജിലൻസ് പരിശോധന.