തിരുവനന്തപുരം: സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്ന് ദിവസം മാത്രം അവസാനിക്കേ ചെലവിനായി സര്‍ക്കാര്‍ കണ്ടെത്തേണ്ടത് 5000 കോടിരൂപ. 5300 കോടി രൂപ കടമെടുക്കും. ട്രഷറിയില്‍ ബില്ലുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധിയും ഇന്ന് അവസാനിക്കും. സംസ്ഥാന ഖജനാവിന് കടുത്ത ധനഞെരുക്കം നേരിട്ട മാസമാണ് കടന്നുപോകുന്നത്. കടമെടുപ്പു പരിധി കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിച്ചതോടെയാണ് പ്രതിസന്ധി ഗുരുതരമായത്. ഇനി മൂന്നു ദിവസം കൂടി ബാക്കി. ചെലവിനായി കുറഞ്ഞത് 5000 കോടി കൂടി വേണം.
പദ്ധതി നിര്‍വഹണത്തിന് പണം നല്‍കണം. എടുത്ത വായ്പകളുടെ പലിശയടയ്ക്കണം. വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയതിനെ തുടര്‍ന്ന് 4000 കോടികൂടി വായ്പയെടുക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് ആശ്വാസമായി.
ഭൂരിപക്ഷം ബില്ലുകളും ഇന്നത്തെ ദിവസം കൊണ്ട് ട്രഷറിയിലെത്തുമെന്നാണ് ധനവകുപ്പ് അവകാശപ്പെടുന്നത്. എന്നാല്‍ മാര്‍ച്ച് കടന്നുകൂടിയാലും പ്രതിസന്ധി തീരില്ല. അടുത്തമാസം ആദ്യം ശമ്പളവും പെന്‍ഷനും നല്‍കുന്നതിനും പണം കണ്ടെത്തണം. ഏപ്രില്‍ മൂന്നാം വാരം മാത്രമേ അടുത്ത സാമ്പത്തിക വര്‍ഷം കേരളത്തിന് എടുക്കാവുന്ന കടത്തിന്‍റെ പരിധി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുകയുള്ളു. അതുവരെ നിലവിലെ നിയന്ത്രണങ്ങള്‍ തുടര്‍ന്നെങ്കിലേ പിടിച്ചു നില്‍ക്കാനാകൂ. പത്തുകോടിക്കു മുകളില്‍ ബില്ലുകള്‍ മാറി നല്‍കുന്നതിന് ധനവകുപ്പിന്‍റെ പ്രത്യേക അനുമതി വേണമെന്ന വ്യവസ്ഥവച്ചും കടുത്ത ട്രഷറി നിയന്ത്രണം നടപ്പിലാക്കിയും അത്യാവശ്യമെന്ന് ധനവകുപ്പിന് തോന്നാത്ത ചെലവുകള്‍ മാറ്റിവച്ചുമാണ് കാര്യങ്ങള്‍ ഇതുവരെ എത്തിച്ചത്. തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള വികസന ഫണ്ട് വിഹിതത്തിന്‍റെ മൂന്നാം ഗഡു പൂര്‍ണമായി നല്‍കാത്തതിലും ധനവകുപ്പിനെതിരെ കടുത്ത വിമര്‍ശനമുയരുന്നുണ്ട്.