തിരുവനന്തപുരം: ഇറാനിയൻ നാവികസേന പിടിച്ചെടുത്ത എണ്ണക്കപ്പലിലെ മലയാളികളുടെ മോചനത്തിനായി ഇടപെടലുമായി കേരള സർക്കാർ. ഇറാനിലെ ഇന്ത്യൻ എംബസിക്ക് സംസ്ഥാന സർക്കാർ കത്തയച്ചു. മോചനത്തിന് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കപ്പലിലെ ജീവനക്കാരനായ കൊച്ചി കൂനമ്മാവ് സ്വദേശി എഡ്വിൻ ജോൺസന്റെ പിതാവ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കത്ത്. നാല് മലയാളികളാണ് ഈ കപ്പലിലുള്ളത്. എഡ്വിനെ കൂടാതെ മലപ്പുറം നിലമ്പൂർ ചുങ്കത്തറ സ്വദേശി സാം സോമൻ, കടവന്ത്ര സ്വദേശികളായ ജിസ്‌മോൻ, ജിബിൻ ജോസഫ് എന്നിവരാണ് കുടുങ്ങിയിരിക്കുന്നത്.
കുവൈത്തിൽ നിന്ന് യു.എസിലെ ഹൂസ്റ്റണിലേക്ക് പോവുകയായിരുന്ന അഡ്വാന്റേജ് സ്വീറ്റ് എന്ന കപ്പലാണ് ഒമാൻ- ഇറാൻ സമുദ്രാതിർത്തിയിൽ വച്ച് പിടിച്ചെടുത്തത്. ഒമാൻ തീരത്ത് തങ്ങളുടെ കപ്പലുകളിലൊന്നുമായി കൂട്ടിയിടിച്ചെന്ന് ആരോപിച്ചായിരുന്നു ഇറാന്റെ നടപടി.
ഉപഗ്രഹ വിവരങ്ങള്‍ പ്രകാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒമാന്‍ തലസ്ഥാന നഗരത്തിന് വടക്കുള്ള ഉള്‍ക്കടലിലിലൂടെയാണ് കപ്പല്‍ നീങ്ങിയിരുന്നത്. കപ്പൽ അന്താരാഷ്ട്ര അതിര്‍ത്തി പിന്നിടവെ ഇറാന്‍ നാവികസേന പിടിച്ചെടുക്കുകയായിരുന്നു.
മലയാളികളടക്കം 24 ഇന്ത്യൻ ക്രൂ അംഗങ്ങളും ഒരു റഷ്യൻ പൗരനുമാണ് ഈ കപ്പലിലുള്ളത്. യു.എസ് നാവികസേനയുടെ മിഡില്‍ ഈസ്റ്റ് ആസ്ഥാനമായുള്ള ഫിഫ്ത് ഫ്ലീറ്റാണ് ഇറാന്‍ പിടിച്ചെടുത്ത കപ്പലിനെ തിരിച്ചറിഞ്ഞത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ കപ്പലാണ് അഡ്വാന്റേജ് സ്വീറ്റ്.