തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ ഓണാഘോഷച്ചെലവ് പത്തുകോടി രൂപ. ഇലക്ട്രിക്കല്‍ അലങ്കാരങ്ങള്‍ക്കും മുഖ്യമന്ത്രി നല്‍കിയ ഓണസദ്യയ്ക്കുമടക്കം ചെലവായ തുകയാണിത്. ജില്ലാതല ആഘോഷങ്ങള്‍ക്ക് മൂന്നുകോടി ഇരുപത് ലക്ഷം രൂപയും മുടക്കിയെന്നാണ് സര്‍ക്കാര്‍ മറുപടി.
സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ ചെലവുകള്‍ ആദ്യഘട്ടത്തില്‍ പുറത്തുവിടാന്‍ തയാറാകാതിരുന്ന വിനോദസഞ്ചാരവകുപ്പ് വിവരാവകാശനിയമപ്രകാരം അപ്പീല്‍ നല്‍കിയതോടെയാണ് കണക്കുകള്‍ ലഭ്യമാക്കിയത്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന്റെ ഇലക്ട്രിക്കല്‍ അലങ്കാരങ്ങള്‍ക്കും അനുബന്ധ ക്രമീകരണങ്ങള്‍ക്കുമായി 2.79 കോടി രൂപയാണ് ചെലവ്.
വാരാഘോഷത്തിന്റെ ഭാഗമായുള്ള ക്രമീകരണങ്ങള്‍, വാഹനം, ഭക്ഷണം, കലാകാരന്‍മാരുടെ പ്രതിഫലം എന്നിവയെല്ലാം ഉള്‍പ്പടെ 3.19 കോടിരൂപയും ചെലവായി. ജില്ലാതല ആഘോഷങ്ങള്‍ക്ക് 3.2 കോടി രൂപയായി. പതിവില്ലാതെ മുഖ്യമന്ത്രി നടത്തിയ ഓണസദ്യക്ക് പത്തൊന്‍പത് ലക്ഷവും അതിന് ക്ഷണക്കത്തടിക്കാന്‍ പതിനയ്യായിരം രൂപയും ചെലവാക്കി.
ഇതുവരെ അനുവദിച്ച 9.91 കോടി രൂപയ്ക്ക് പുറമേ 41 ലക്ഷം രൂപയുടെ ബില്ലുകള്‍ പരിശോധനാഘട്ടത്തിലാണെന്നും സര്‍ക്കാര്‍ പറയുന്നു.