തിരുവനന്തപുരം: സ്പീക്കറുടെ റൂളിംഗ് അവഗണിച്ച് നിയമസഭയില്‍ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം. നടുത്തളത്തില്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുകയാണ്. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷം ഇതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സഭയില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറുന്നത്.
അന്‍വര്‍ സാദത്ത്, ടി ജെ വിനോദ്, ഉമാ തോമസ്, എകെഎം അഷ്‌റഫ്, കുറുക്കോളി മൊയ്തീന്‍ എന്നീ എംഎല്‍എമാരാണ് നടുത്തളത്തില്‍ സത്യഗ്രഹമിരുന്ന് പ്രതിഷേധിക്കുന്നത്. എന്നാല്‍ സഭാ ടിവി പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നില്ല. നടുത്തളത്തില്‍ ഇരുന്ന് മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് ഇവര്‍ പ്രതിഷേധിക്കുന്നത്. സര്‍ക്കാരിന് ധിക്കാരമാണെന്നും സഭാ നടപടികളോട് സഹകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
സ്പീക്കറെ പ്രതിപക്ഷം അവഹേളിക്കുകയാണെന്ന് മന്ത്രി എം ബി രാജേഷ് ആരോപിച്ചു. പ്രതിപക്ഷ എംഎല്‍എമാര്‍ റൂളിങിനെ വെല്ലുവിളിക്കുകയാണ്. സമാന്തര സഭ എന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മന്ത്രി കെ രാജനും ആരോപിച്ചു. സഭ തടസപ്പെടുത്തരുതെന്ന് സ്പീക്കര്‍ പറഞ്ഞു.
അസാധാരണമായ സംഭവങ്ങളാണ് സഭയിൽ നടക്കുന്നതെന്നും ചെയറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സ്ഥിതിയുണ്ടെന്നും സ്പീക്കർ എഎൻ ഷംസീർ അഭിപ്രായപ്പെട്ടു. ചെയറിനെ വ്യക്തിപരമായി അധിക്ഷേപിച്ച് പ്രതിപക്ഷം പുറത്തു പ്രസ് മീറ്റ് നടത്തുന്നു. കടുത്ത നടപടി എടുക്കാമായിരുന്ന സാഹചര്യമായിട്ടും കടുത്ത നടപടി വേണ്ടെന്ന് തീരുമാനിച്ചത് കൊണ്ടാണ് അതിലേക്ക് പോകാത്തതെന്നും സ്പീക്കർ മുന്നറിയിപ്പ് നൽകി. ഇത് പ്രതിപക്ഷത്തിന് യോജിച്ചതാണോ എന്ന് ആലോചിക്കണം. പുനരാലോചന വേണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.
എന്നാൽ പ്രതിപക്ഷം നടത്തുന്ന സമരങ്ങളുടെ ദൃശ്യങ്ങളൊന്നും സഭാ ടിവിയിലൂടെ കാണിക്കുന്നില്ല. തികച്ചും ഏകപക്ഷീയമായി, പ്രതിഷേധങ്ങളൊഴിവാക്കിയുള്ള ദൃശ്യങ്ങളാണ് സഭാ ടിവിയിലൂടെ ദൃശ്യമാക്കുന്നത്. ഇതിനെതിരെ മാധ്യമപ്രവർത്തകരും പത്രപ്രവർത്തക കൂട്ടായ്മകളും സ്പീക്കറെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നെങ്കിലും പ്രതിപക്ഷത്തിന്റെ സത്യാഗ്രഹ ദൃശ്യങ്ങൾ ഇതുവരെയും സഭാടിവിയിലൂടെ കാണിക്കുന്നില്ല.
സഭക്കുള്ളിൽ മുൻപ് 4 തവണ സത്യാഗ്രഹ സമരം നടന്നു. 1974, 1975 ലും ഇഎംഎസിന്റെ നേതൃത്വത്തിൽ സമരം നടന്നു. 2000 ഇൽ യുഡിഎഫ് എംഎൽഎമാരും 2011 വിഎസിന്റെ നേതൃത്വത്തിൽ എൽഡിഎഫ് എംഎൽഎമാരും സത്യഗ്രഹം സഭയിൽ നടത്തിയിരുന്നു.