തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം 7ന് ആരംഭിക്കും. പ്രധാനമായും നിയമനിര്‍മാണത്തിനായി ചേരുന്ന സമ്മേളനം ആകെ 12 ദിവസമാണു ചേരുന്നത്. ഒട്ടേറെ പ്രധാന ബില്ലുകള്‍ സമ്മേളനത്തിൽ പരിഗണിക്കും. നിലവിലെ കലണ്ടര്‍ പ്രകാരം സമ്മേളനം 24-ാം തീയതിവരെ നീളും.
സമ്മേളനത്തിന്റെ ആദ്യദിവസത്തിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സഭ പിരിയും. ഓഗസ്റ്റ് 11, 18 തീയതികള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായാണു വിനിയോഗിക്കുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യര്‍ത്ഥനകൾ ഓഗസ്റ്റ് 21-ാം തീയതി തിങ്കളാഴ്ചയാണു നിശ്ചയിച്ചിരിക്കുന്നത്. മറ്റു ദിവസങ്ങളിൽ നിയമനിര്‍മാണത്തിനായി മാറ്റിവയ്ക്കപ്പെട്ട സമയങ്ങളില്‍ സഭ പരിഗണിക്കേണ്ട ബില്ലുകള്‍ ഏതൊക്കെയാണെന്നു കാര്യോപദേശക സമിതി ശുപാര്‍ശ ചെയ്യും.