തിരുവനന്തപുരം: കേരളീയം സ്പോൺസർഷിപ്പ് കമ്മിറ്റിയുടെ കൺവീനർക്കും സ്പോൺസർമാരെ അറിയില്ലെന്ന് വിവരാവകാശ രേഖ. സ്പോൺസർഷിപ്പ് കമ്മിറ്റിയുടെ കൺവീനറായ ലോട്ടറി ഡയറക്ടർ എബ്രഹാം റെൻ ഐ.ആർ.എസ് ആണ് സ്പോൺസർമാരുടെ വിവരങ്ങൾ ലഭ്യമല്ലെന്ന് അറിയിച്ചിരിക്കുന്നത്. സ്പോൺസർമാരുടെ വിശദാംശങ്ങൾ എബ്രഹാം റെന്നിന്റെ പക്കലാണെന്നും അതുകൊണ്ട് വിവരവകാശ അപേക്ഷ ലോട്ടറി ഡയറക്ടർക്ക് കൈമാറിയിട്ടുണ്ടെന്ന് ടൂറിസം ഡയറക്ടർ വിവരവകാശ നിയമപ്രകാരം ആദ്യം മറുപടി നൽകിയിരുന്നു.
27 കോടിയാണ് സർക്കാർ കേരളീയം പരിപാടിക്ക് നൽകിയത്. ബാക്കി തുക സ്പോൺസർഷിപ്പ് വഴിയാണ് കണ്ടെത്തിയത്. ജി.എസ്.ടി വകുപ്പ് അഡിഷണൽ കമ്മിഷണർ കൂടിയായ എബ്രഹാം റെന്നിനെ കേരളീയം പരിപാടിക്ക് കൂടുതൽ സ്പോൺസർഷിപ്പ് കണ്ടെത്തിയതിന് മുഖ്യമന്ത്രി കേരളീയം വേദിയിൽ ആദരിക്കുകയും ചെയ്തു. എന്നാൽ, പരിപാടിയുടെ സ്പോൺസർമാർ ആരെല്ലാം, എത്ര കോടി പിരിച്ചു എന്നു തുടങ്ങുന്ന വിവരാവകാശ ചോദ്യത്തിന് മറുപടി പറയാതെ ആദ്യം തന്നെ പരിപാടിയുടെ ജനറൽ കൺവീനറായ ചീഫ് സെക്രട്ടറി ഒഴിഞ്ഞു.
വിവരങ്ങൾ ലഭ്യമല്ലെന്നും ടൂറിസം, വ്യവസായം, നികുതി, സാംസ്കാരികം വകുപ്പിൽ അപേക്ഷ അയച്ചിട്ടുണ്ടെന്നുമായിരുന്നു മറുപടി. ഇതിൽ ടൂറിസം ഡയറക്ടറേറ്റ് എബ്രഹാം റെന്നിന്റെ ഓഫിസിലേക്ക് അപേക്ഷ കൈമാറി. എന്നാൽ, അവിടെയും വിവരങ്ങളില്ലെന്നാണ് അപേക്ഷകനായ സി.ആർ പ്രാണകുമാറിന് ലഭിച്ച മറുപടി. അപേക്ഷ പി.ആർ.ഡിക്ക് കൈമാറിയെന്നാണ് മറുപടി. ഇതോടെ വിവരാവകാശ കമ്മിഷണറെ സമീപിക്കാൻ ഒരുങ്ങുകയാണ് അപേക്ഷകൻ.