തിരുവനന്തപുരം: ‘കേരളീയം 2023’ മഹോത്സവം കേരളത്തിന്റെ തനിമ ലോകത്തിനു മുൻപിൽ അവതരിപ്പിക്കാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം ആഘോഷവുമായി ബന്ധപ്പെട്ടുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബർ ഒന്നിന് രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ. ഇതിൽ യുഎഇ, ദക്ഷിണ കൊറിയ, നോർവേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ പങ്കെടുക്കും. ചലച്ചിത്ര താരങ്ങളായ കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍, വ്യവസായപ്രമുഖരായ എം.എ. യൂസഫലി, രവി പിള്ള, ആരോഗ്യമേഖലയിലെ പ്രമുഖ വ്യക്തിത്വമായ ഡോ. എം.വി.പിള്ള തുടങ്ങിയവരും ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമാകും.
കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ 42 വേദികളിലായാണ് കേരളീയം. നവംബർ രണ്ടു മുതൽ ആറുവരെ രാവിലെകളിൽ സെമിനാറുകൾ നടക്കും. എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ കലാപരിപാടികളുണ്ടാകും. എക്സിബിഷന്‍, ട്രേഡ് ഫെയര്‍, ഭക്ഷ്യമേളകള്‍ തുടങ്ങിയവ രാവിലെ 10 മുതല്‍ രാത്രി 10 വരെയുണ്ടാകും.