തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്വപ്‌നപദ്ധതിയായ കെ-ഫോണിൽ സംശയങ്ങളുമായി കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ(സി.എ.ജി). എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിക്കായി മൊബിലൈസേഷൻ ഫണ്ട് അനുവദിച്ചതിൽ 36 കോടി രൂപ ഖജനാവിനു നഷ്ടമുണ്ടായതായി സി.എ.ജി കണ്ടെത്തി. ഇക്കാര്യത്തിൽ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനോട്(കെ.എസ്.ഐ.ടി.ഐ.എൽ) വിശദീകരണം തേടിയിട്ടുണ്ട്.
കെ-ഫോൺ നടത്തിപ്പിനായി ബെൽ കൺസോർഷ്യത്തെ ഏൽപിച്ച കരാറിലാണ് കോടികളുടെ നഷ്ടം ഖജനാവിനു വരുത്തിവച്ചതായി സി.എ.ജി ചൂണ്ടിക്കാട്ടുന്നത്. പലിശരഹിത മൊബിലൈസേഷൻ ഫണ്ടാണ് സർക്കാർ കൺസോർഷ്യത്തിന് അനുവദിച്ചിരുന്നത്. 1,531 കോടി രൂപയ്ക്കായിരുന്നു ടെണ്ടർ ഉറപ്പിച്ചത്. ഇതിൽ ഒരു വ്യവസ്ഥയും പാലിക്കാതെ 109 കോടി രൂപ അഡ്വാൻസ് തുകയായി നൽകിയെന്ന് സി.എ.ജി കണ്ടെത്തി.
2013ലെ സ്‌റ്റോർ പർച്ചേസ് മാന്വൽ അനുസരിച്ച് മൊബിലൈസേഷൻ അഡ്വാൻസ് പലിശ കൂടി ഉൾപ്പെട്ടതാണ്. പലിശ ഒഴിവാക്കി നൽകണമെങ്കിൽ കരാർ നൽകുന്നവരുടെ ഡയരക്ടർ ബോർഡിൽ ചർച്ചചെയ്യണം. എന്നാൽ, കെ-ഫോണിന്റെ കാര്യത്തിൽ അത്തരമൊരു ചർച്ചയുമില്ലാതെ പലിശരഹിതമായി മൊബിലൈസേഷൻ അഡ്വാൻസായി കരാർ തുകയുടെ പത്തു ശതമാനം പണം അനുവദിക്കുകയായിരുന്നു. ഇതുവഴി സംസ്ഥാന ഖജനാവിന് 36 കോടി രൂപയുടെ നഷ്ടമാണു വരുത്തിവച്ചിരിക്കുന്നതെന്നാണ് സി.എ.ജി കണ്ടെത്തൽ. ജൂൺ മാസത്തിലാണ് സി.എ.ജി ഇക്കാര്യത്തിൽ കെ.എസ്.ഐ.ടി.ഐ.എല്ലിനോാട് വിശദീകരണം തേടിയത്. സർക്കാർ എന്തു മറുപടി നൽകിയെന്ന കാര്യം വ്യക്തമല്ല.
സെൻട്രൽ വിജിലൻസ് കമ്മിഷന്റെ വ്യവസ്ഥ പാലിക്കപ്പെട്ടില്ലെന്നും കെ-ഫോൺ ടെൻഡറിൽ മൊബിലൈസേഷൻ അഡ്വാൻസിനെക്കുറിച്ചു പറയുന്നില്ല. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണ് പത്തു ശതമാനം തുക അഡ്വാൻസായി നൽകണമെന്ന് കെ.എസ്.ഐ.ടി.ഐ.എല്ലിനു വാക്കാൽ നിർദേശം നൽകിയത്. മൂന്നു ശതമാനം കൂട്ടി പലിശ ഈടാക്കണമെന്ന കെ.എസ്.ഇ.ബി ഫിനാൻസ് ഉപദേഷ്ടാവിൻരെ നിർദേശം കൂടി തള്ളിയായിരുന്നു ഇത്.