ചെന്നൈ: ദേശീയ വനിതാ കമ്മിഷൻ അംഗവും നടിയുമായ ഖുശ്ബു സുന്ദറിനെതിരേ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഡിഎംകെ നേതാവ് ശിവാജി കൃഷ്ണ മൂർത്തി അറസ്റ്റിൽ. കൊടുങ്ങയൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. ഖുശ്ബുവിനെതിരായ പരാമര്‍ശം വലിയ വിവാദമായതോടെ ഡിഎംകെ വക്താവായിരുന്ന ശിവാജി കൃഷ്ണമൂര്‍ത്തിയെ ഞായറാഴ്ച പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്.
നേരത്തെ, തമിഴ്നാട് ഗവർണർ ആർ.എൻ. രവിക്കെതിരേ നടത്തിയ പരാമർശത്തിന്റെ പേരിൽ കൃഷ്ണമൂർത്തിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. നയപ്രഖ്യാപനപ്രസംഗ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവർണർക്കെതിരേ കൃഷ്ണമൂർത്തിയുടെ അന്നത്തെ പരാമർശം. ഇതിൽ മാപ്പ് പറഞ്ഞതിനെത്തുടർന്ന് അടുത്തിടെ ഇയാൾ പാർട്ടിയിൽ തിരിച്ചെത്തി. എന്നാൽ ഖുശ്ബുവിനെതിരേ നടത്തിയ പരാമർശം വിവാദമായതോടെ പാർട്ടിയിൽ നിന്ന് ഇയാളെ നീക്കിയതായി ജനറൽ സെക്രട്ടറി ദുരൈമുരുകൻ വ്യക്തമാക്കി.
തനിക്കെതിരേയുള്ള അപകീർത്തി പരാമർശം ഖുഷ്ബു ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ട്വീറ്റ്. ഡി.എം.കെ. അപരിഷ്കൃതരുടേയും തെമ്മാടികളുടേയും സുരക്ഷിത താവളമായി മാറിയിരിക്കുകയാണെന്നും ഖുഷ്ബു ട്വീറ്റ് ചെയ്തു.