സോൾ : ഇരുകൊറിയകളും തമ്മിൽ സംഘർഷം വർധിച്ചുവരുന്നതിനിടെ പുതിയ ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിക്കാനും ആണവായുധ ശേഖരം വിപുലപ്പെടുത്താനും ഉത്തരകൊറിയയുടെ ഏകാധിപതി കിം ജോങ് ഉൻ നിർദേശം നൽകി. യുഎസ് നേതൃത്വത്തിലുള്ള എതിരാളികളിൽനിന്നുള്ള ഭീഷണി നേരിടാൻ ഇതാവശ്യമാണെന്ന് കിം ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടി യോഗത്തിൽ പറഞ്ഞു.
കഴിഞ്ഞയാഴ്ച ഉത്തരകൊറിയ ദക്ഷിണ കൊറിയയിലേക്കു ഡ്രോണുകളും മിസൈലുകളും അയച്ചതിനെത്തുടർന്നു മേഖലയിൽ സംഘർഷം വർധിച്ചിരിക്കുകയാണ്. ഏതു സാഹചര്യവും നേരിടാൻ കരുതിയിരിക്കാൻ ദക്ഷിണകൊറിയ പ്രസിഡന്റ് യൂൺ സുക് യോൾ സൈന്യത്തിനു നിർദേശം നൽകി.
ആണവായുധശേഖരം വിപുലമാക്കുന്നതിനു പുറമേ രാജ്യത്തിന്റെ ആദ്യ സൈനിക ഉപഗ്രഹ വിക്ഷേപണത്തിനും ഉത്തരകൊറിയ തയാറെടുക്കുകയാണ്. ആയുധ പരീക്ഷണത്തിന്റെ ഭാഗമായി പുതുവർഷപ്പുലരിയിൽ കിഴക്കൻതീരത്തു ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി. തലേദിവസം 3 ബാലിസ്റ്റിക് മിസൈൽ പരീക്ഷണവും നടത്തിയിരുന്നു.