സോൾ : ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി സൂചന. ഉറക്കമില്ലായ്മ അലട്ടുന്ന കിമ്മിന് മദ്യത്തോടും പുകയിലയോടും അമിതമായ ആസക്തിയാണെന്നും ദക്ഷിണ കൊറിയയിലെ ചാരസംഘത്തെ ഉദ്ധരിച്ച് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.
ഉറക്കമില്ലായ്മ മറികടക്കാനുള്ള മരുന്നുകൾ മുതിർന്ന ഉദ്യോഗസ്ഥർക്കായി ഉത്തര കൊറിയ വിദേശത്തുനിന്നു ‘തീവ്രമായി’ ശേഖരിക്കുന്നുണ്ട്. ഇതുൾപ്പെടെയുള്ള വിവരങ്ങൾ അവലോകനം ചെയ്താണ് ദേശീയ ഇന്റലിജൻസ് സർവീസ് (എൻഐഎസ്) റിപ്പോർട്ട് തയാറാക്കിയത്. മൾബറോ അടക്കമുള്ള സിഗരറ്റ് ബ്രാൻഡുകളും കിമ്മിനു വേണ്ടി ധാരാളം ഇറക്കുമതി ചെയ്യുന്നുണ്ട്.
മദ്യത്തോടൊപ്പം കഴിക്കാനുള്ള മുന്തിയ ലഘുഭക്ഷണങ്ങളുടെ ഇറക്കുമതിയും ഉത്തര കൊറിയയിൽ വർധിച്ചതായി ദക്ഷിണ കൊറിയയിലെ ഭരണകക്ഷിയായ പീപ്പിൾ പവർ പാർട്ടി ജനപ്രതിനിധിയും പാർലമെന്ററി ഇന്റലിജൻസ് കമ്മിറ്റി എക്സിക്യുട്ടിവ് സെക്രട്ടറിയുമായ യൂ സാങ്–ബം മാധ്യമങ്ങളോടു പറഞ്ഞു. നിർമിത ബുദ്ധി ഉപയോഗിച്ചു സമീപകാല ചിത്രങ്ങളുടെ വിശകലനത്തിൽ, കിമ്മിന്റെ ശരീരഭാരം കൂടിയതായും കണ്ടെത്തി.
140 കിലോഗ്രാമിലേറെയാണ് ഇപ്പോൾ കിമ്മിന്റെ ഭാരമെന്നു യൂ സാങ് വ്യക്തമാക്കി. മേയ് 16ന് നടന്ന പൊതുചടങ്ങിൽ പങ്കെടുത്ത കിം ക്ഷീണിതനായിരുന്നു. കണ്ണിനു ചുറ്റും കറുത്ത പാടുകളുണ്ട്. ഉറക്കമില്ലായ്മയുടെ അസ്വസ്ഥതകളും പ്രകടമാണെന്നു ദക്ഷിണ കൊറിയ വ്യക്തമാക്കി.