വിചിത്രമായ നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ മുന്നിലാണ് ഉത്തരകൊറിയ. ഇപ്പോഴിതാ, ആത്മഹത്യ രാജ്യദ്രോഹമാണെന്നു പ്രഖ്യാപിച്ചു നിയമം ഇറക്കിയിരിക്കുകയാണ് ഏകാധിപതി കിം ജോങ് ഉൻ. ഉത്തരകൊറിയയിൽ ആത്മഹത്യ കുതിച്ചുയർന്ന സാഹചര്യത്തിലാണ് തീരുമാനം.
ആത്മഹത്യ രാജ്യദ്രോഹമാണെന്നു പ്രഖ്യാപിക്കുകയും, അതു തടയാൻ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശവും നൽകി. രാജ്യദ്രോഹത്തിനു വധശിക്ഷ നൽകുന്ന രാജ്യത്ത് ആത്മഹത്യക്കുറ്റത്തിന് എന്തു ശിക്ഷ നൽകുമെന്നാണ് വിമർശകരുടെ ചോദ്യം.
സാമ്പത്തികമാന്ദ്യം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ മൂലം രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം 40% വർധിച്ചു. കടുത്ത ദാരിദ്ര്യം മൂലം കുടുംബത്തിലെ എല്ലാവരും ഒരുമിച്ച് മരിക്കുന്ന സംഭവങ്ങളും നിരവധിയാണ്. അധികാര പരിധിയിലെ ആത്മഹത്യകൾ തടയാനുള്ള ഉത്തരവാദിത്തം പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥരെയാണ് കിം ഏൽപിച്ചിരിക്കുന്നത്.