കൊച്ചി: രാജ്യത്ത് വെള്ളിയാഴ്ച ഏറ്റവും ഉയർന്ന ചൂട് കൊച്ചിയിൽ രേഖപ്പെടുത്തി. 35 ഡിഗ്രി സെൽഷ്യസ് ആണ് കൊച്ചിയിൽ രേഖപ്പെടുത്തിയത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. രാജസ്ഥാനിലെ സികറിലാണ് ഏറ്റവും കുറവ് ചൂട്. ഇവിടെ 2.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ എട്ട് ദിവസങ്ങളിൽ അഞ്ച് ദിവസവും രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണ്. ഇതിൽ നാലുദിവസം കണ്ണൂരിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. 36.7 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. പുനലൂരിൽ 35.4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.