തിരുവനന്തപുരം : കൊച്ചി മറൈൻ ഡ്രൈവിൽ ഹൗസിങ് ബോർഡിന്റെ 17.9 ഏക്കറിൽ എൻബിസിസി (ഇന്ത്യ) ലിമിറ്റഡുമായി ചേർന്നുള്ള 2150 കോടി രൂപയുടെ വാണിജ്യ, പാർപ്പിട സമുച്ചയ പദ്ധതിക്കു മന്ത്രിസഭയുടെ അംഗീകാരം. ഈ ഭൂമി ഹൈക്കോടതി വികസനത്തിനു വിട്ടുനൽകണമെന്ന ആവശ്യം എതിർത്ത ഹൗസിങ് ബോർഡ് പൊതുമേഖലയിലെ നവരത്ന കമ്പനിയായ നാഷനൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപറേഷനുമായി സെപ്റ്റംബറിൽ ധാരണാപത്രം ഒപ്പിട്ടതിനാണ് ഇപ്പോൾ അംഗീകാരം.
പലതവണ മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തിയ ഫയൽ മാറ്റിവച്ച സർക്കാർ പദ്ധതിയെക്കുറിച്ചു സൂക്ഷ്മപരിശോധന നടത്തിയിരുന്നു. വാണിജ്യ സമുച്ചയം, റസിഡൻഷ്യൽ കോംപ്ലക്സ്, ഇക്കോ ഫ്രണ്ട്‍ലി പാർക്കുകൾ തുടങ്ങിയവയാണ് പദ്ധതിയിൽ. അംഗീകാരം ലഭിച്ചതോടെ എൻബിസിസി സംഘം ഈയാഴ്ച തന്നെ തിരുവനന്തപുരത്തെത്തി ചർച്ച നടത്തും. ഇതിനുശേഷം തയ്യാറാക്കുന്ന വിശദ പദ്ധതി റിപ്പോർട്ടിനും (ഡിപിആർ) മന്ത്രിസഭയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.