കൊച്ചി: ഗാന്ധി ജയന്തി ദിനത്തിൽ കൊച്ചി മെട്രോ യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു. മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ പത്ത് രൂപ ഒക്ടോബർ രണ്ടിനും തുടരും. നിലവിൽ 20 രൂപ മുതൽ 60 രൂപ വരെ ഈടാക്കുന്ന യാത്രദൂരം ഗാന്ധിജയന്തി ദിനത്തിൽ വെറും 20 രൂപയ്ക്ക് യാത്ര ചെയ്യാം. പേപ്പർ ക്യൂ ആർ, മൊബൈൽ ക്യൂ ആർ, കൊച്ചി വൺ കാർഡ് എന്നിവയിൽ ഈ പ്രത്യേക ഇളവ് ലഭിക്കും. രാവിലെ 6 മുതൽ 10.30 വരെ അന്നേ ദിവസം മറ്റ് ഓഫറുകൾ ലഭ്യമായിരിക്കില്ല.
കൊച്ചി വൺ കാർഡ് ഉപഭോക്താക്കൾക്ക് ഇളവ് ക്യാഷ് ബാക്ക് ആയി ലഭിക്കും. കേന്ദ്ര സർക്കാരിന്റെ സ്വച്ഛത ഹി സേവ ക്യാംപെയിനിൽ കൊച്ചി മെട്രോയും പങ്കാളികളാകുന്നുണ്ട്. ഇതിന്റെ ഭാഗമായി ഒക്ടോബർ ഒന്നിന് രാവിലെ 10 മണിക്ക് കൊച്ചി മെട്രോയുടെ കോർപ്പറേറ്റ് ഓഫീസിന്റെയും മുട്ടത്ത് കൊച്ചി മെട്രോ യാർഡിന്റെയും പരിസരങ്ങൾ ഉദ്യോഗസ്ഥർ വൃത്തിയാക്കും.
അതേസമയം, കൊച്ചി മെട്രോ ആദ്യമായി 2022-23 സാമ്പതിക വര്ഷത്തിൽ പ്രവർത്തന ലാഭത്തിലെത്തിയിരുന്നു. സംസ്ഥാനത്തിന്റെ പൊതുഗതാഗത രംഗത്ത് വിപ്ളവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി മെട്രോ 2017 ജൂണിലാണ് സർവ്വീസ് ആരംഭിച്ചത്. കൊച്ചി മെട്രോ ആരംഭിച്ച 2017 ജൂണിൽ 59894 ആളുകളാണ് മെട്രോയിൽ യാത്ര ചെയ്തത്. 2017 ആഗസ്റ്റ് മാസം അത് 32603 ആയി കുറഞ്ഞെങ്കിലും ഡിസംബറിൽ എണ്ണം 52254 ആയി ഉയർന്നു. 2018ൽ യാത്രക്കാരുടെ എണ്ണം നാൽപ്പതിനായിരത്തിന് മുകളിൽ പോയില്ല. എന്നാൽ 2019 ഒക്ടോബറിനും ഡിസംബറിനുമിടയിൽ അറുപതിനായിരത്തിലധികം പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തു.