കോഴിക്കോട് : ട്രെയിനിൽ തീയിട്ട സംഭവത്തിൽ തുടക്കം മുതൽ പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച. എലത്തൂരിൽ നിന്ന് ഷാറുഖിനു മുങ്ങാൻ അവസരമൊരുക്കിയത് നിർണായക മണിക്കൂറിലും പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച തന്നെ. രാത്രി ട്രെയിനിൽ ആക്രമണമുണ്ടായ ശേഷം മണിക്കൂറുകളോളം ഷാറുഖ് സെയ്ഫി കേരളത്തിലുണ്ടായിരുന്നു. പൊള്ളലേറ്റ പാടുകളുണ്ടായിട്ടും സുരക്ഷിതമായി കേരളം കടക്കാൻ പ്രതിക്കു കഴിഞ്ഞു.
ആലപ്പുഴ–കണ്ണൂർ എക്സ്പ്രസിൽ ഞായറാഴ്ച രാത്രി 9.27ന് ആണ് ആക്രമണമുണ്ടാകുന്നത്. അതിനു ശേഷം പ്രതി കണ്ണൂർ വരെ സഞ്ചരിച്ച് അവിടെനിന്നു ട്രെയിൻ കയറി കാസർകോട് അതിർത്തി കടന്നെങ്കിലും പൊലീസിനു കണ്ടെത്താൻ കഴിഞ്ഞില്ല. ആക്രമണത്തിനു ശേഷം യാത്ര പുനരാരംഭിച്ച ട്രെയിൻ കൊയിലാണ്ടിയിലും വടകരയിലും എത്തിയപ്പോൾ എല്ലാ കോച്ചുകളിലും ശുചിമുറികൾ ഉൾപ്പെടെ കേരള പൊലീസും റെയിൽവേ പൊലീസും പരിശോധന നടത്തിയിരുന്നു. പൊള്ളലേറ്റ പരുക്കുകൾ ഉണ്ടായിട്ടും ഈ വണ്ടിയിൽ ഇയാൾ തുടർന്നു യാത്ര ചെയ്തെങ്കിൽ പൊലീസിന്റെ കണ്ണിൽ പെടാതിരുന്നത് എങ്ങനെയെന്ന ചോദ്യമുണ്ട്.
ആക്രമണമുണ്ടായതിനു ശേഷം ട്രെയിനിൽ നിന്ന് ഇറങ്ങി റോഡ് മാർഗമാണ് ഇയാൾ കണ്ണൂരിലേക്ക് പോയതെങ്കിലും മതിയായ പരിശോധനയുണ്ടായിരുന്നെങ്കിൽ ആ രാത്രി തന്നെ പിടിയിലാകുമായിരുന്നു. സംഭവത്തിനു ശേഷം രാത്രി പതിനൊന്നരയോടെ എക്സിക്യൂട്ടീവ് എക്സ്പ്രസ് കണ്ണൂരിലെത്തി. ആക്രമണമുണ്ടായ കോച്ചുകൾ സീൽ ചെയ്യാനും മാറ്റിയിടാനും പൊലീസ് സാന്നിധ്യമുണ്ടായിരുന്നു. അതിനു ശേഷമാണ് ഇയാൾ കണ്ണൂരിൽനിന്നു ട്രെയിൻ കയറി പോയത്. പ്രധാന പ്ലാറ്റ്ഫോമിൽ എത്താതെ ട്രെയിൻ കയറാൻ കഴിയില്ല. ഇയാൾ ചികിത്സ തേടിയതായി അഭ്യൂഹമുണ്ടായതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പൊലീസ് പരിശോധന നടത്തി. ഇതു മാത്രമാണു പ്രതിയെ പിടികൂടാൻ കണ്ണൂരിൽ പൊലീസ് സ്വീകരിച്ച നടപടി.