കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഷാരൂഖ് സെയ്ഫി കോഴിക്കോട് മെഡിക്കൽ കോളജിലെ പൊലീസ് സെല്ലിൽ. സെയ്ഫിയുടെ ശരീരത്തിൽ പൊള്ളലേറ്റിട്ടില്ലെന്നാണ് മെഡിക്കൽ കോളജിൽ നടത്തിയ വൈദ്യപരിശോധനയുടെ റിപ്പോർട്ടില്‍ വ്യക്തമായത്. ശരീരത്തിൽ പൊട്ടലും കണ്ടെത്തിയിട്ടില്ല. നാളെയും വൈദ്യപരിശോധനയ്ക്കു വിധേയനാക്കും.
നാളെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കും. ആരോഗ്യനില മെച്ചപ്പെട്ടതിനാൽ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. ഇന്ന് ഉച്ചയ്ക്കാണ് സെയ്ഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉന്നത ഉദ്യോഗസ്ഥർ എത്തിയ ശേഷമാണ് അഡ്മിറ്റ് ചെയ്തത്. നേരത്തെ, പ്രതിക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തിയിരുന്നു.
മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ നിന്ന് മാലൂർക്കുന്ന് എആർ ക്യാമ്പിലെത്തിച്ച ഷാരൂഖ് സെയ്ഫിയെ എഡിജിപി എം.ആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. അക്രമം നടത്തിയത് തന്റെ കുബുദ്ധി കൊണ്ടെന്നാണ് ഷാരൂഖ് മൊഴിനൽകിയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ഇക്കാര്യം പൊലീസ് മുഖവിലക്കെടുത്തിട്ടില്ല.
കേരളത്തിലെത്തിയത് ആദ്യമായാണെന്നും ഷാരൂഖ് സെയ്ഫി മൊഴിനൽകി. തീ കൊളുത്തിയ ശേഷം അതേ ട്രെയിനിൽ തന്നെ കണ്ണൂരിലെത്തി. റെയിൽവെ സ്റ്റേഷനിൽ പൊലീസിന്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ പ്ലാറ്റ്‍ഫോമില്‍ ഒളിച്ചിരുന്നു. അന്ന് പുലർച്ചയോടെ ജനറൽ കമ്പാർട്ട്മെന്റിൽ ടിക്കറ്റ് എടുക്കാതെ രത്നഗിരിയിലേക്ക് യാത്ര ചെയ്തെന്നും ഷാരൂഖ് സെയ്ഫി മൊഴി നൽകിയെന്ന് പൊലീസ് പറയുന്നു.