കോഴിക്കോട് : എലത്തൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം കോരപ്പുഴ പാളത്തില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയുള്ള അജ്ഞാതന്റെ ആക്രമണം നടന്ന ട്രെയിനില്‍ നിന്ന് ഭയന്നതിനെ തുടർന്ന് എടുത്ത് ചാടിയവരാണ് മരിച്ചതെന്നാണ് വിവരം. ഒരു സ്ത്രീയുടേയും മധ്യവയസ്‌കന്റേയും പിഞ്ചുകുഞ്ഞിന്റേയും മൃതദേഹമാണ് കണ്ടെത്തിയത്.
ആക്രമണം ഭയന്ന് കണ്ണൂര്‍ സ്വദേശിയായ അമ്മയും കുഞ്ഞും ട്രെയിനില്‍ നിന്ന് ചാടിയെന്ന് യാത്രക്കാര്‍ സൂചിപ്പിച്ചിരുന്നു. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നതിനിടെയാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി റഹ്‌മത്തിനേയും രണ്ട് വയസുള്ള മകളേയുമാണ് കാണാതായത്. മരിച്ചത് ഇവര്‍ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം.
മറ്റൊരു ട്രെയിനിലെ ലോകോ പൈലറ്റാണ് ട്രാക്കില്‍ മൃതദേഹങ്ങള്‍ കണ്ടത്. ഇദ്ദേഹം ഉടന്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും പൊലീസും റെയില്‍വേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ കണ്ടെത്തുകയുമായിരുന്നു.
ഈ യുവതിയുടെ അയല്‍വാസി റാഫിക്കിനും ട്രെയിനിലെ ആക്രമണത്തില്‍ പൊള്ളലേറ്റിട്ടുണ്ട്. ഇയാളാണ് ഇരുവരേയും കാണാനില്ലെന്ന വിവരം പങ്കുവച്ചത്. ഇയാള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയേയും കുഞ്ഞിനേയും കാണാനില്ലെന്ന വിവരം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കോച്ചിൽ തീയിട്ടതിനെ തുടർന്നു 3 സ്ത്രീകൾ ഉൾപ്പെടെ 9 യാത്രക്കാർക്കു പൊള്ളലേറ്റു. ഇന്നലെ രാത്രി 9.11ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു കണ്ണൂരിലേക്കു പുറപ്പെട്ട ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ട്രെയിനിലാണു സംഭവം. തീ ആളിപ്പടർന്നതോടെ യാത്രക്കാർ അടുത്ത കോച്ചിലേക്ക് ഓടി. ചിലർ ചങ്ങല വലിച്ചതോടെ ട്രെയിൻ കോരപ്പുഴ പാലത്തിൽ പിടിച്ചിട്ടു. ഈ സമയം അക്രമി കടന്നുകളഞ്ഞു.