പാലക്കാട് : കോൺഗ്രസ് നേതാക്കളുടെ മുറികളിൽ അർധരാത്രി റെയ്ഡ് നടത്തിയ പൊലീസുകാരെ പാഠം പഠിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി. കള്ളപ്പണം മുറിയിലുണ്ടെന്ന പരാതി കിട്ടിയിട്ടാണ് അന്വേഷിക്കുന്നതെന്നാണ് ആദ്യം പൊലീസ് പറഞ്ഞത്. അല്ലാതെയുള്ള അന്വേഷണമാണെന്ന് പിന്നീട് പറഞ്ഞു. പൊലീസുകാരെ തോന്നിയപോലെ കയറൂരി വിടുന്ന ഭരണകൂടത്തിനെതിരെ ശക്തമായ പോരാട്ടം നടത്തും.
റെയ്ഡ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകണം. അല്ലെങ്കിൽ കോടതിയിൽ പോകും. അന്തസ്സും അഭിമാനബോധവുമില്ലാത്ത തെമ്മാടിത്തമാണ് പൊലീസുകാർ കാണിച്ചത്. ഹോട്ടലിൽ റെയ്ഡ് നടക്കുമ്പോൾ പുറത്ത് സിപിഎമ്മുകാരും ബിജെപിക്കാരും മുദ്രാവാക്യം വിളിക്കുകയായിരുന്നു. അവർക്ക് റെയ്ഡ് വിവരം നേരത്തേ ചോർന്നുകിട്ടി. അതു തന്നെ ആസൂത്രിതമാണെന്നും സുധാകരൻ പറഞ്ഞു.
ഹോട്ടലിൽ പണമെത്തിച്ച വിവരം പൊലീസിനു ലഭിച്ചത് എവിടെനിന്നാണെന്ന് ഷാഫി പറമ്പിൽ എംപി ചോദിച്ചു. പാലക്കാട് കണ്ടത് സിപിഎം–ബിജെപി സംഘനൃത്തമാണ്. കേരളത്തിലെ പൊലീസ് കള്ളൻമാരേക്കാൾ മോശമായ രീതിയിലാണ് പെരുമാറിയത്. ജനങ്ങളോട് ഒന്നും പറയാനില്ലാത്തവർ കോൺഗ്രസ് സ്ഥാനാർഥിയെ സംശയനിഴലിൽ നിർത്താൻ ശ്രമിച്ചു. അതിൽ അവർ ദയനീയമായി പരാജയപ്പെട്ടെന്നും ഷാഫി പറഞ്ഞു.