കൊച്ചി: രണ്ടാം ചിന്തന്‍ ശിബിറിലൂടെ പാര്‍ട്ടിയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാനൊരുങ്ങി കെപിസിസി. അടുത്തമാസം 15 നും 16 നും വയനാട്ടില്‍ ചേരുന്ന ചിന്തന്‍ ശിബിറില്‍ തിരഞ്ഞെടുപ്പ് ഫലം ഇഴകീറി പരിശോധിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍, ആലത്തൂര്‍ മണ്ഡലങ്ങളിലെ തിരിച്ചടിയുടെ കാരണങ്ങള്‍ പരിശോധിക്കും. വന്‍ വിജയം നേടിയപ്പോഴും തൃശ്ശൂരിലും ആലത്തൂരിലും ഉണ്ടായ തിരിച്ചടി അത്ര നിസ്സാരമായി തള്ളിക്കളയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറിയിട്ടില്ല. വോട്ട് ചോര്‍ച്ചയുടെ കാരണം വിശദമായി പരിശോധിക്കാനാണ് തീരുമാനം.
പിഴവുകള്‍ കണ്ടെത്തി തിരുത്തല്‍ നടപടികളിലേക്ക് പാര്‍ട്ടി കടക്കും. പാര്‍ട്ടിയിലെ ഭിന്നതകള്‍ പൂര്‍ണ്ണമായും പരിഹരിച്ച് മുന്നോട്ടുപോകാനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പാണ് ഹൈക്കമാന്‍ഡ് നല്‍കുന്നത്. നിലവില്‍ സംഘടന താഴേത്തട്ടില്‍ ദുര്‍ബലമാണ്. ഭൂരിഭാഗം മണ്ഡലം കമ്മിറ്റികളും നിര്‍ജീവമാണ്. ജില്ലാ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ലെന്നാണ് കെപിസിസി വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സംഘടനാതലത്തില്‍ ഒരു ഉടച്ചു വാര്‍ക്കല്‍ അനിവാര്യമാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഈ കാര്യങ്ങളും വിശദമായി ചര്‍ച്ച ചെയ്യും.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ മുന്നേറ്റം ഉണ്ടാക്കാനുള്ള തന്ത്രങ്ങളും ചിന്തന്‍ ശിബിറില്‍ ആവിഷ്‌കരിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനാണ് യുഡിഎഫ് തീരുമാനം.