പാലക്കാട്: ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ കോണ്‍ഗ്രസിനുണ്ടായ തോല്‍വിയെക്കുറിച്ച് പഠിക്കാനും തെളിവെടുക്കാനുമായി കെ.പി.സി.സി. നിയോഗിച്ച അന്വേഷണസമിതി വെള്ളിയാഴ്ച പാലക്കാട്ടെത്തും. രാവിലെ പത്തുമുതല്‍ ഡി.സി.സി. ഓഫീസിലാണ് തെളിവെടുപ്പ്
കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ധിഖ്, രാഷ്ട്രീയകാര്യസമിതി അംഗങ്ങളായ കെ.സി. ജോസഫ്, ആര്‍. ചന്ദ്രശേഖരന്‍ എന്നിവരാണ് അന്വേഷണസമിതിയംഗങ്ങള്‍. ഡി.സി.സി. പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍ നിയോജകമണ്ഡലങ്ങളിലെ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍, തിരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്നവര്‍ എന്നിവര്‍ ഡി.സി.സി. ഓഫീസില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന രമ്യ ഹരിദാസിനെയും മറ്റു ചിലരെയും കാണുമെന്നും സമിതി അറിയിച്ചിട്ടുണ്ട്.
തൃശ്ശൂരിലെന്നപോലെ, ആലത്തൂരിലെ തോല്‍വിയും പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയ്ക്കും വിവാദത്തിനും വഴിതുറന്നിരുന്നു. ആലത്തൂരില്‍ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പനെതിരേ വിവിധയിടങ്ങളില്‍ പോസ്റ്റര്‍ പതിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങളുമുണ്ടായി.