തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കിലേക്ക്. ആഗസ്റ്റ് 26-ാം തീയതി കെഎസ്ആര്‍ടിസി സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തു. എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം നല്‍കുക, ഓണം ആനുകൂല്യങ്ങള്‍ അനുവദിക്കുക, സ്ഥലം മാറ്റത്തിന് അപേക്ഷിച്ചവര്‍ക്ക് സ്ഥലം മാറ്റം അടിയന്തരമായി അനുവദിക്കുക, നിയമവിരുദ്ധമായി തൊഴിലാളികളില്‍ നിന്നും പിഴയീടാക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് ജീവനക്കാര്‍ ഉയര്‍ത്തുന്നത്. ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിത കാല പണിമുടക്കിലേക്ക് പോകുമെന്നും സംയുക്ത സമരസമിതി അറിയിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ഓണം ആനുകൂല്യങ്ങള്‍ ഇതുവരേയും വിതരണം ചെയ്തിട്ടില്ലെന്നും ജീവനക്കാര്‍ പറയുന്നു. ഇക്കൊല്ലത്തേയും ഓണം ആനുകൂല്യങ്ങള്‍ തീരുമാനിക്കുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പത്താം തീയ്യതി ആയിട്ടും ജൂലൈ മാസത്തെ ശമ്പളം വിതരണം ചെയ്തിട്ടില്ലെന്നും സമരസമിതി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ജൂലൈ 29 നാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂണിലെ രണ്ടാം ഗഡു ശമ്പളം ലഭിച്ചത്. 30 കോടി സര്‍ക്കാര്‍ സഹായവും 9 കോടി ഓവര്‍ഡ്രാഫ്റ്റും ചേര്‍ത്താണ് രണ്ടാം ഗഡു ശമ്പളത്തിന് പണം സ്വരൂപിച്ചത്. ജൂലൈ മാസം പകുതിയിലായിരുന്നു ജൂണ്‍ മാസത്തെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തത്. 30 കോടി സര്‍ക്കാര്‍ ഫണ്ടും 8.4 കോടി രൂപ ബാങ്ക് ഓവര്‍ ഡ്രാഫ്റ്റും എടുത്താണ് ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തത്. രണ്ടാം ഗഡു നല്‍കേണ്ട തീയതിയിലായിരുന്നു ആദ്യ ഗഡു വിതരണം ചെയ്തത്. ശമ്പളം വൈകിയതില്‍ ശക്തമായ പ്രതിഷേധത്തിലായിരുന്നു ജീവനക്കാര്‍.