അഗളി:അട്ടപ്പാടിയിലെ ഗോത്രവിഭാഗത്തിൽനിന്നുള്ള നാടക കലാകാരനും തിരക്കഥാകൃത്തുമായ കുപ്പുസ്വാമി (39) അന്തരിച്ചു. വൃക്കരോഗത്തോട് മല്ലിടുകയായിരുന്ന കുപ്പുസ്വാമിയെ സഹായിക്കാനായി നാടകപ്രവർത്തകർ ധനസമാഹരണം നടത്തുന്നതിനിടെയാണ് വേർപാട്. നാടകത്തിലൂടെ ആദിവാസി സമൂഹത്തിൻ്റെ ഉന്നമനത്തിനായി പോരാടിയ കലാകാരൻ കൂടിയാണ് കുപ്പുസ്വാമി.
വ്യാഴാഴ്ച കോട്ടയം പാലായിലെ ആശുപത്രിയിൽ ചികിത്സക്കെത്തിയതായിരുന്നു. ഇവിടെ ഒ.പി.യിൽ കുഴഞ്ഞുവീണ കുപ്പുസ്വാമിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. രക്തസമ്മർദം കൂടി തലച്ചോറിൽ രക്തസ്രാവമുണ്ടായതായി കണ്ടെത്തിയതിനെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കും വിധേയനാക്കി. പാലാ മാർസ്ലീവ ആശുപത്രിയിൽ ചികിത്സയിൽ തുടരവെ ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അന്ത്യം.
ഇരുളഭാഷയിൽ ചിത്രീകരിച്ച്, ആദിവാസിവിഭാഗത്തിലുള്ളവർ മാത്രം അഭിനയിച്ച പ്രിയനന്ദനൻ സംവിധാനം ചെയ്ത ധബാരിക്യൂരുവിയെന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയത് കുപ്പുസ്വാമിയാണ്. ‘ഉറുമ്പുകൾ ഉറങ്ങാറില്ല’ എന്ന സിനിമയിൽ അഭിനയിക്കുകയും അതിൻറെ തിരക്കഥ തമിഴിൽ പരിഭാഷപ്പെടുത്തുകയും ചെയ്തു.
തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ ബിരുദപഠനം നടത്തിയ ആദ്യ ഗോത്രവർഗ വിദ്യാർഥിയായിരുന്നു. പോണ്ടിച്ചേരി സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. രണ്ട് നാടകങ്ങൾ സംവിധാനംചെയ്ത് അഭിനയിച്ചു. അട്ടപ്പാടിയിലെ 192 ഊരുകളിലെ ഗോത്ര കലാകാരൻമാരുടെ കൂട്ടായ്മയിൽ ‘നമുക്ക് നാമെ’ കലാസാംസ്കാരിക സമിതി രൂപവത്കരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു.
തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ പൊതുദർശനത്തിനുശേഷം മൃതദേഹം ഞായറാഴ്ച പുലർച്ചെ ആനക്കട്ടി ഊരിലെത്തിക്കും. തുടർന്ന്, ഷോളയൂർ ഗ്രാമപ്പഞ്ചായത്തിൽ പൊതുദർശനത്തിന് വെയ്ക്കും. വൈകുന്നേരത്തോടെയാണ് സംസ്കാരം. ഭാര്യ: ജയന്തി. അച്ഛൻ: പരേതനായ മരുതൻ. അമ്മ: പരേതയായ മണി. സഹോദരൻ: രാമസ്വാമി.