സുഹൈൽ നക്ഷത്രം തെളിയുന്നത് പരമ്പരാഗതമായി കുവൈത്തില്‍ അന്തരീക്ഷ താപനില കുറഞ്ഞു തുടങ്ങുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. സുഹൈൽ നക്ഷത്രമുദിക്കുന്നതോടെ ചൂട് കുറയുമെന്ന് കാലാവസ്ഥ കേന്ദ്രം പറഞ്ഞു. ഇതോടെ അമ്പത് ഡിഗ്രിയും കടന്ന കനത്ത ചൂടിന് ആശ്വാസമാകും. വേനലിന്റെ അവസാന ഘട്ടത്തിൽ പ്രത്യക്ഷപ്പെട്ട്, ശൈത്യകാലം മുഴുവനും തെളിഞ്ഞു കാണുന്ന താരകമാണ് ‘സുഹൈല്‍’.
രാത്രിയിൽ തണുത്ത കാലാവസ്ഥ ആയിരിക്കുമെന്നുള്ളതാണ് സുഹൈൽ സീസണിന്റെ പ്രത്യേകത.13 ദിവസത്തോളം സീസണ്‍ നീണ്ടു നില്‍ക്കും. സുഹൈൽ നക്ഷത്രത്തിന്‍റെ വരവിനെ വലിയ ആശ്വാസത്തോടെയാണ് രാജ്യം വരവേല്‍ക്കുന്നത്. നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെ അന്തരീക്ഷ താപനില കുറയുന്നതോടപ്പം മഴ പെയ്യുവാനും സാധ്യതയുണ്ടെന്ന് ഉജൈരി സെന്റര്‍ പറഞ്ഞു. ഭൂമിയിൽ നിന്ന് ഏകദേശം 313 പ്രകാശവർഷം അകലെയായാണ് സുഹൈൽ നക്ഷത്രം സ്ഥിതി ചെയ്യുന്നത്.
പുരാതന കാലം മുതൽ അറബികൾ സുഹൈൽ നക്ഷത്രം നോക്കിയാണ് വേനൽക്കാലം കഴിയുന്നത് കണക്കാക്കിയിരുന്നത്. അറബ് രാജ്യങ്ങളിൽ മൽസ്യ ബന്ധനത്തിനും കൃഷിക്കും അനുയോജ്യമായ സമയം നിശ്ചയിക്കുന്നതും ഈ നക്ഷത്രത്തെ ആശ്രയിച്ചാണ്.